Tuesday, May 8, 2012

ചില പള്ളിക്കാര്യങ്ങള്‍


ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കുമുമ്പ്, കോട്ടയത്തിനടുത്തുള്ള പള്ളം എന്ന ചെറിയ ഗ്രാമത്തിന്റെ പച്ചപ്പില്‍നിന്നും അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ ടെക്‌സാസിലെ, ഡാലസ് എന്ന മെട്രോപൊളിറ്റന്‍ സിറ്റിയിലേക്കുള്ള പറിച്ചുനടല്‍ എന്നില്‍ വലിയൊരു അനുഭവമാണ് സൃഷ്ടിച്ചത്. ഭൂമിയെ വിട്ടുള്ള ആ പറന്നെത്തലും, മറ്റൊരു മണ്ണിലേക്ക് കാലുകുത്തിയതും കുറേനാളുകളിലേക്ക് എന്നെ അകാരണമായി അസ്വസ്ഥമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം മനസ്സില്‍കൊണ്ടു നടന്നിരുന്ന ആഗ്രഹമായിരുന്നു അമേരിക്ക. ഭൂപടത്തില്‍ മാത്രം കണ്ട ആ ചിത്രത്തിന്റെ ഗന്ധം പെട്ടെന്നു തന്നെ എന്നെ പുതിയൊരാളാക്കി മാറ്റുകയും ചെയ്തു. അമേരിക്കയിലുണ്ടായിരുന്ന അമ്മയുടെ കുടുംബക്കാരെ വീണ്ടും കണ്ടതിന്റെ സന്തോഷം ഒരു ഭാഗത്ത്, ജനിച്ച നാടും, അപ്പന്റെ വീട്ടുകാരെല്ലാവരെയും വിട്ടുപോരേണ്ടി വന്ന വേദന മറുഭാഗത്ത്. എങ്കിലും കാത്തുകാത്തിരുന്നു അമേരിക്കയില്‍ വന്നതിന്റെ ആഹ്ലാദം ഉള്ളിലുണ്ടുതാനും.

പക്ഷെ, ആദ്യമായി ഡാലസ്സിലെ മലയാളി പള്ളിയില്‍ കുര്‍ബാനക്ക് പോയപ്പോള്‍ എനിക്ക് ആകെകൂടെ ഒരങ്കലാപ്പ് അനുഭവപ്പെട്ടു. അതൊരു സാധാരണ കുര്‍ബാന ദിവസം തന്നെയാണോ എന്ന് ഞാന്‍ സംശയിച്ചു. ഒന്നുകില്‍ പള്ളിപ്പെരുന്നാളായിരിക്കും. അല്ലെങ്കില്‍ അന്നവിടെ വല്ല കല്യാണവും നടക്കുന്നുണ്ടാവും. ഞാന്‍ സൂക്ഷ്മതയോടെ എന്റെ കണ്ണുകളെ ചുറ്റുപാടുകളിലേക്ക് പറഞ്ഞുവിട്ടു. മിക്ക സ്ത്രീകളും, നാട്ടില്‍ കല്യാണത്തിന് വരുന്നതുപോലെ, രണ്ടു മൂന്നുമാലകളും, മണവാട്ടിമാരെപ്പോലെ കൈനിറയെ സ്വര്‍ണവളകളും, വലിയ പാളക്കസവുള്ള ഇമിറ്റേഷന്‍ കാഞ്ചിപുരം സാരികളും ചുറ്റി, അലങ്കരിച്ച ക്രിസ്തുമസ് ട്രീകള്‍ പോലെ അണിഞ്ഞൊരുങ്ങിയാണ് നില്‍പ്പ്. മിക്കവാറും ആണുങ്ങളും ചെറിയ ആണ്‍കുട്ടികളില്‍ പകുതിപ്പേരും ത്രീപീസ് സൂട്ടിലാണ്. മിക്കവരുടെയും കൈയില്‍ ആനച്ചങ്ങല പോലെയുള്ള സ്വര്‍ണബ്രേസിലേറ്റുകളും. ആണ്‍പിള്ളേരുടെ മാലകള്‍ കൊച്ചു സൂട്ടിനു മുകളില്‍
കൂടെ തന്നെ കാണാം. എന്റെ പ്രായമുള്ള പെണ്‍കുട്ടികള്‍ എല്ലാം തന്നെ, അന്നത്തെ സ്റ്റൈലില്‍ ഉള്ള പളപളപ്പന്‍ ഉടുപ്പുകളും മിന്നുന്ന ചുരിദാറുകളും ആണ് വേഷം. എന്റെ നീളന്‍ പുള്ളിപ്പാവാടയിലും വെള്ളബ്ലൗസിലും എന്നിലെ കൗമാരക്കാരി ചൂളിപ്പോയില്ല എന്നു പറഞ്ഞാല്‍ അത് കള്ളമാണ്. എന്റെ അമ്മയും ഉടുത്തിരുന്നത്, നാട്ടില്‍ അമ്മ പള്ളിയില്‍ സാധാരണ ഉടുക്കാറുള്ള, വെള്ള കോട്ടാസാരിയാണ്. അതിലെ കുഞ്ഞുറോസ്പൂക്കളും തത്തപ്പച്ച ഇലകളും അമ്മ തന്നെ തുന്നിചേര്‍ത്തതാണ്. ഇംഗ്ലീഷും മലയാളവും ഇടകലര്‍ന്ന കുര്‍ബാന ശ്രദ്ധിക്കുവാന്‍ എന്തുകൊണ്ടോ എനിക്കു കഴിഞ്ഞില്ല. ഞാന്‍ വീണ്ടും അടുത്തുനില്‍ക്കുന്നവരിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. എങ്ങും ഒരു വര്‍ണ്ണപ്രപഞ്ചം. ഞങ്ങളുടെ തൊട്ടുമുന്നിലുള്ള നിരയിലായി ചട്ടയും മുണ്ടും കസവ് കവണിയും ധരിച്ച ചില നാടന്‍ അമ്മച്ചിമാരെ കണ്ടപ്പോള്‍ ചെറിയൊരു ആഹ്ലാദം തോന്നി. കുര്‍ബാനച്ചൊല്ലുകള്‍ നാട്ടിലേക്കാള്‍ നീളമുള്ളതായിരുന്നു. അവസാനം പുതിയതായി വന്നവരെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി അച്ചന്‍ ഇടവകക്കാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോള്‍ എന്നിലേക്ക് ഒരു സങ്കടം കയറിവന്നു. കൊച്ചു കൗമാരമനസ്സല്ലേ. കുറച്ചു കൂടെ നല്ല ഒരു പാവാട ഇട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിച്ചോ? പക്ഷെ, നാട്ടില്‍ എത്രവര്‍ഷം, വളരെ ലളിതമായ വേഷത്തോടെ ആരാധനയില്‍ സംബന്ധിച്ചിരുന്ന എനിക്ക് അമേരിക്കന്‍ മലയാളിപ്പള്ളികളിലെ ഈ ഫാഷന്‍ പരേഡ് ഇന്നും ഒരു മരീചികയായി തന്നെ ശേഷിക്കുന്നു. ഇവരാരും തന്നെ നാട്ടിലെ പള്ളികളില്‍ പോയിട്ടുള്ളവര്‍ അല്ലേ? ഇന്നും ചില മലയാളിപള്ളികളില്‍ പോകുമ്പോള്‍ ആ ചിന്ത വീണ്ടും തലപൊക്കും.

അന്നു പള്ളികഴിഞ്ഞു പലരും വന്നു ഞങ്ങളെ പരിചയപ്പെട്ടു. നാട്ടില്‍ മലയാളം മീഡിയത്തില്‍ പഠിച്ചു, ഇംഗ്ലീഷ് ഒരു സെന്റന്‍സ് പോലും തെറ്റുകൂടാതെ പറയാന്‍ അറിയാത്ത എന്നോട് മിക്ക ആന്റിമാരും, അങ്കിളുമാരും കൂടിച്ചേര്‍ന്നു കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാചകങ്ങള്‍ മേനിക്കൊഴുപ്പോടെ എന്റെ മുന്നിലേക്ക് വാരിയെറിഞ്ഞു. ഞാന്‍ മലയാളത്തില്‍ മറുപടി പറഞ്ഞിട്ടുപോലും അവര്‍ മനഃപൂര്‍വ്വം മലയാളം സംസാരിക്കുവാന്‍ മടികാണിച്ചു. എന്റെ പ്രായത്തിലുള്ള കുറച്ചു പെണ്‍കുട്ടികളെ, ആരോ വന്നു എനിക്ക് പരിചയപ്പെടുത്തി. ചിലര്‍ ഞങ്ങളുടെ അകന്ന ബന്ധുക്കളുമാണ്. അവര്‍ പറയുന്ന ഒരു വാചകംപോലും എനിക്ക് മനസ്സിലായില്ല. ഞാന്‍ ചിരിച്ചുകൊണ്ട് ', ' എന്നു പറഞ്ഞു വെറുതെ തലയാട്ടി നിന്നു. ഇന്നും ഞാന്‍ അങ്ങനെയുള്ളവരെ കാണാറുണ്ട്. നമ്മള്‍ മലയാളത്തില്‍ മറുപടി പറഞ്ഞാലും അവര്‍ക്ക് ഇംഗ്ലീഷ് പറഞ്ഞില്ലെങ്കില്‍ ഒരു വിഷമം പോലെയാണ്. മലയാളം അറിയാന്‍ വയ്യാത്ത കുട്ടികളോട് അവര്‍ ഇംഗ്ലീഷ് പറയട്ടെ.

എനിക്ക് എങ്ങനെയെങ്കിലും അവിടെ നിന്നുപോയാല്‍ മതിയെന്നായിരുന്നു. അപ്പനും ആങ്ങളക്കും വേഷത്തിന്റെ കാര്യത്തില്‍ അത്ര വിഷമം തോന്നിക്കാണില്ല. ത്രീപീസ് സൂട്ടല്ലെങ്കിലും നല്ല പാന്റും ഷര്‍ട്ടുമാണ് അവരുടെ വേഷം. എങ്കിലും തിരികെയുള്ള യാത്രയില്‍ ആര്‍ക്കും മുഖത്തൊരു തെളിച്ചമില്ല. പള്ളത്ത് പള്ളിയില്‍ കുര്‍ബാന കൂടിയിട്ടു മടങ്ങിവരുന്ന സുഖമുണ്ടായിരുന്നില്ല. അന്നത്തെ ആ പള്ളിയില്‍ പോക്കിന്.

തിരിച്ചുവരുന്ന വഴിക്ക് ഞങ്ങളെ പള്ളിയില്‍ കൊണ്ടുപോയ, അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവിനോട്, അപ്പന്‍ ചോദിച്ചു. ''ഇതെന്നതാ കുഞ്ഞുമോനെ, ഈ പള്ളിലൊക്കെ എല്ലാവരും ഇങ്ങനെ വരുന്നേ? ആണുങ്ങളൊക്കെ ഇത്ര സ്വര്‍ണം ഇടുമോ, എത്ര മോതിരങ്ങളാ ഓരോ അവന്മാരൊക്കെ ഇട്ടിരിക്കുന്നേ, കയ്യേല്‍ സ്വര്‍ണചങ്ങലകളും. എനിക്കാണേല്‍ ഈ പാന്റും വലിച്ചുകേറ്റി പള്ളീല്‍ നിന്നിട്ട് ശ്വാസംമുട്ടുവാരുന്നു.... ഈ ചൂടത്തു എങ്ങനെയാണോ ഈ സൂട്ടൊക്കെ ഇടുന്നെ, പെണ്ണുങ്ങളെല്ലാം കല്യാണത്തിന് ഒരുങ്ങി വരുന്നതുപോലെ.... എല്ലാ ഞായറാഴ്ചയും ഇങ്ങനെ തന്നെയാണോ?

(അമ്മയുടെ ചേച്ചിക്ക് അന്ന് ജോലിയുണ്ടായിരുന്നതിനാല്‍ അന്ന് ഞങ്ങളോടൊപ്പം പള്ളിയില്‍ വന്നിരുന്നില്ല. അല്ലായിരുന്നെങ്കില്‍ ഈ വേഷപ്പകര്‍ച്ചകളെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നു ഞാന്‍ ഓര്‍ത്തു.)

''ഓ ഇവിടെ ഇങ്ങനെ ഒക്കെയാ... തങ്കച്ചാ..... സായിപ്പുമാരുടെ പള്ളീലൊക്കെ എല്ലാരും സൂട്ടാ ഇടുന്നെ. അതുകണ്ട്, വന്നപ്പോള്‍ മുതല്‍ നമ്മളും അങ്ങനെ ഇടാന്‍ തുടങ്ങി.... പിന്നെ തണുപ്പുകാലത്ത് സൂട്ടിട്ടു വന്നാല്‍ വേറെ ജാക്കറ്റൊന്നും ഇടേണ്ട. അങ്ങനെ പരിചയിച്ചു, പിന്നെ ചൂട് വന്നാലും ഇതങ്ങു വലിച്ചുകേറ്റും. ഒന്നോ രണ്ടോ സൂട്ടുണ്ടെങ്കില്‍ എത്ര വര്‍ഷം വേണേലും ഇടാം. പിന്നെ, പെണ്ണുങ്ങള്‍ക്ക് നാട്ടീന്നു വാങ്ങിച്ചോണ്ട് വരുന്ന ഈ സാരീം സ്വര്‍ണമൊക്കെ, ഞാത്തി നടക്കാന്‍ വേറെ സ്ഥലങ്ങള്‍ ഒന്നുമില്ലല്ലോ...!

ഇത് നടക്കുന്നത് എണ്‍പതുകളുടെ ആദ്യമാണ്. കുഞ്ഞുമോനച്ചായന്‍ പറഞ്ഞതു ശരിയായിരുന്നു. അന്ന് ഇന്നത്തെപ്പോലെ, അസോസിയേഷനുകളോ, സിനിമ, സീരിയല്‍, മിമിക്രിക്കാരുടെ തള്ളിക്കയറ്റമോ ഒന്നും ഇല്ല. ആണ്ടിലും ചംക്രാന്തിക്കും വല്ല പാട്ടുകാരോ, കവികളോ വന്നെങ്കിലായി. പരിപാടികള്‍ക്ക് പോകുന്നവരും കുറവ്. അസോസിയേഷനുകള്‍ ഒന്നും ഇത്ര സജീവവുമല്ല. അന്ന് സാധാരണ മലയാളികള്‍ അഞ്ചും ആറും വര്‍ഷം കൂടിയേ നാട്ടില്‍ പോകൂ. പോയി വരുമ്പോള്‍ സ്ത്രീകള്‍ അടുത്ത അഞ്ചാറ് വര്‍ഷങ്ങളിലേക്കുള്ള സാരിയും സ്വര്‍ണവും ഒരുമിച്ചു വാങ്ങും. അല്ലെങ്കില്‍ ആരെങ്കിലും പോകുമ്പോള്‍ വല്ലതും അത്യാവശ്യം വേണ്ടത് വാങ്ങിപ്പിക്കും. ഇതെല്ലാം കാണിക്കാനുള്ള ഒരു പ്രദര്‍ശനശാല അന്ന് പള്ളിയല്ലാതെ, വേറെ ഒന്നുമില്ല. അന്നത്തെ ഹിന്ദുസ്ത്രീകള്‍ എന്തു ചെയ്തുകാണുമോ ആവോ? അന്നു അമ്പലങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ.

ഈ രണ്ടായിരത്തി പന്ത്രണ്ടിലും നമ്മുടെ മലയാളിപ്പള്ളികളിലെ സ്ഥിതി അന്നത്തേതില്‍ നിന്നും ഒട്ടും വ്യത്യാസമല്ല. കാലാകാലങ്ങളായി പൊങ്ങച്ചവും മിന്നിത്തിളക്കങ്ങളും പരേഡ് നടത്തുന്നു.

അമേരിക്കയിലെ, എന്റെ ആന്റിമാരെ, ചേച്ചിമാരെ, അനിയത്തിമാരെ, പണ്ടത്തെ കാലം അല്ലല്ലോ, നമുക്ക് വേഷംകെട്ടാന്‍ ഇന്ന് എത്രയോ വേദികള്‍ ഉണ്ട്.... നമ്മുടെ, പഴയ പാളക്കസവും പുതിയ ബ്രോക്കെടും, വെല്‍വെറ്റ് ബോര്‍ഡര്‍ വെച്ച റാണി പിങ്കും, ചന്തെരിയും മീനകാരിയും (ഇതെല്ലാം ഞങ്ങള്‍ പെണ്ണുങ്ങടെ പുതിയ സാരികളുടെ പേരാണ് കേട്ടോ)... ആലുക്കാസില്‍ നിന്നും ഭീമയില്‍നിന്നും നമ്മള്‍ ചുമന്ന് കെട്ടി കൊണ്ടുവരുന്ന ഡിസൈനര്‍ പീസുകളും, എല്ലാം നമുക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സ്റ്റേജ് ഷോകള്‍ വരുമ്പോള്‍ ഇടാമല്ലോ. നമ്മുടെ പള്ളികള്‍ തന്നെ എത്രയോ അവസരങ്ങള്‍ അതിനായി നമുക്ക് ഉണ്ടാക്കി തരുന്നു. പുതിയ പള്ളികളുടെ ഫണ്ട് പിരിവിനായി നാട്ടിലെ സീരിയല്‍ നടിമാരെയും കൊമേഡിയന്മാരെയും മൊത്തമായും ചില്ലറയായും അമേരിക്കന്‍ മലയാളി പള്ളികള്‍ സ്‌പോണ്‍സര്‍ ചെയ്തുകൊണ്ട് വരുകയല്ലെ. ഇത്തിതാനം അസോസിയേഷനുകളും കോട്ടംപാറ അസോസിയേഷനുകളും മത്സരിച്ചു നടത്തുന്ന മിമിക്രി ഷോകള്‍ക്കും ഇടാമല്ലോ നമ്മുടെ എടുത്താല്‍ പൊങ്ങാത്ത കസവ് സാരികളും കഴുത്തിറക്കി മാലകളും, മുത്തുക്കുട കമ്മലുകളും. എന്തൊരു കഷ്ടം! പള്ളിയിലേക്ക് കുറച്ചുലളിതമായി പോകുന്നതല്ലേ ഒരു ഭംഗി. നമ്മുടെ പാവം പള്ളീലച്ചന്മാര്‍ ഇതേക്കുറിച്ച് ഒന്നും പറയാത്തത്, നമ്മളെ പേടിച്ചിട്ട് തന്നെയാണ്.

എന്നെ അന്നും ഇന്നും ഞെട്ടിക്കുന്ന ഒരുദിവസം അമേരിക്കന്‍ മലയാളി പള്ളികളിലെ ദുഃഖവെള്ളിയാഴ്ച ആണ്. ശബരിമലയുടെ അടിവാരത്തിലാണോ എന്ന് തോന്നിപ്പോകുന്ന വിധത്തില്‍ ആകമാനം കറുപ്പിന്റെ ഒരു പ്രളയം. അച്ചന്മാര്‍ക്ക് ആ ദിവസം കറുത്ത കുപ്പായം ഇടാതെ പറ്റില്ലാന്നു വയ്ക്കാം. പക്ഷെ, യേശുവിനെ കുരിശില്‍ തറച്ച ദിവസം മിക്ക അമേരിക്കന്‍ മലയാളി സ്ത്രീകളും ഉടുക്കുന്നതു കസവും, സ്വര്‍ണജെറിയും കുത്തിനിറച്ചിരിക്കുന്ന ഹെവി ബോര്‍ഡറുകളും, കസവുസാരി വിതറിയ മുന്താണിയും ഉള്ള ബ്ലാക്ക് പാര്‍ട്ടിവെയര്‍ സാരികള്‍! അതിനുചേരുന്ന ബ്ലാക്ക് മെറ്റലും, ഒനിഡാ ബ്ലാക്ക് സെറ്റും, മുട്ടോളം എത്തുന്ന, സ്വര്‍ണ്ണവും കറുപ്പും ചേരുന്ന വളകളും! കറുപ്പാണ് ദുഃഖം എന്ന് നമ്മള്‍ ധരിച്ചു വെച്ചിരിക്കുന്നതുപോലെ. അതില്‍ സ്വര്‍ണ്ണക്കസവ് കൂടെയുണ്ടെങ്കില്‍ പിന്നെ നമ്മുടെ ദുഃഖത്തിന് ആഴവും കൂടും! സ്വന്തം അപ്പനോ അമ്മയോ മരിച്ച ശവമടക്കിനു, നമ്മള്‍ പെണ്‍മക്കള്‍, സര്‍വ്വാഭരണവിഭൂഷിതകള്‍ ആയി പോകുന്ന ഒരു പാരമ്പര്യം എന്റെ അറിവില്‍ ഇന്നും നമുക്കില്ല. അപ്പോള്‍ പിന്നെ, നമ്മുടെ ഏറ്റവും പ്രിയപ്പെട്ട യേശുവിനെ അടക്കാന്‍ പോകുമ്പോള്‍ നാം എന്തിനു കറുത്തപട്ടിലും സ്വര്‍ണ്ണത്തിലും പൊതിഞ്ഞു പോകണം. ആണുങ്ങള്‍ ഇതിനു വിപരീതമായി ചിലരെങ്കിലും വെള്ളമുണ്ടും ഷര്‍ട്ടും ഉടുത്തു ലളിതമായി വരുന്നത് കാണാറുണ്ട്. നാട്ടില്‍ ആരും ദുഃഖവെള്ളിയാഴ്ച കറുപ്പിലും, സ്വര്‍ണ്ണത്തിലും മുങ്ങി പള്ളികളില്‍ പോകാറില്ല. മിക്കവാറും വെള്ളസാരിയോ, വളരെ നിറംകുറഞ്ഞ കോട്ടണ്‍ സാരികളോ തന്നെയാണ് ഇന്നും ഉടുക്കുക. വളരെ ലളിതമായ ആഭരണങ്ങളും, നാം അവസരത്തിന് അനുസരിച്ച് വസ്ത്രധാരണം ശീലമാക്കുക. പാര്‍ട്ടികള്‍ക്ക് പാര്‍ട്ടിവെയറുകള്‍ ധരിക്കുക. പളളിയില്‍ പോകുമ്പോള്‍ ഒട്ടൊരു ലാളിത്യം തന്നെയാണ് ഉചിതം.

എന്നുവച്ച്, എല്ലാവരും ഞായറാഴ്ച രാവിലെ നേരമില്ലാനേരത്ത്, കോട്ടന്‍ സാരി തേച്ചു നടുവൊടിക്കണം എന്ന് ഞാന്‍ പറയില്ല. പക്ഷെ, വര്‍ഷങ്ങള്‍ക്കുമുന്‍പ്, നാം നാട്ടിലെ ഇടവകപ്പള്ളിയില്‍ പോയിരുന്ന നമ്മുടെ കൗമാരത്തിന്റെയും യൗവനത്തിന്റെയും കാലത്തിലേക്ക് ഒന്നു സഞ്ചരിക്കൂ..... എത്ര മനോഹരമായ ഒരു ദൃശ്യമാണത്. ഇന്നും നമ്മള്‍ നാട്ടില്‍ നമ്മുടെ ഇടവക പള്ളികളില്‍ പോകുമ്പോള്‍, ചുറ്റിലും ഉള്ളവരെയൊന്ന് ശ്രദ്ധിക്കൂ. അവരെല്ലാം തന്നെ, പള്ളിയില്‍ വരുന്നത് എത്ര ലളിതമായാണ്.... നാട്ടിലുള്ളവര്‍ക്ക് നമ്മളെക്കാള്‍ പണമുണ്ട് എന്ന് പരിഭവം പറയുന്നവരാണ് നമ്മില്‍ ചിലരെങ്കിലും. പക്ഷെ അവര്‍ കാശുണ്ടായാലും, നാട്ടിലെ നമ്മുടെ കൂടപ്പിറപ്പുകള്‍ ആരും നമ്മള്‍ ഇവിടെ ചെയ്യുന്നതുപോലെ, സാരിക്കടയുടെയും സ്വര്‍ണ്ണക്കടയുടെയും പരസ്യം പോലെ ആരാധനാലയങ്ങളില്‍ പോകാറില്ലല്ലോ.

കഴിഞ്ഞ ഞായറാഴ്ച, പ്രസംഗത്തിനിടയില്‍, ക്ഷമയുടെ നെല്ലിപ്പലക, ഒടിഞ്ഞു നുറുങ്ങാറായപ്പോള്‍ ഒരു നിവൃത്തിയുമില്ലാതെ അച്ചന്‍ ഞങ്ങള്‍ ഇടവകക്കാരോട് ഒരു അഭ്യര്‍ത്ഥന നടത്തി. ''കരയുന്ന കൊച്ചുങ്ങളുള്ള മാതാപിതാക്കള്‍, കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള നേഴ്‌സറിയില്‍ ഇരുന്നു കുര്‍ബാന കാണേണ്ടതാണ്.'' ഇതുകേട്ട്, ദേഷ്യം വന്ന ഒരു ചെറുപ്പക്കാരിയായ അമ്മ പിറുപിറുത്തു....

''പിന്നെ, കഷ്ടപ്പെട്ടു, നാട്ടി പോയി.... പതിനായിരോം, എണ്ണായിരോം രൂപേടെ സാരീം, അഞ്ചാറ് ലക്ഷം രൂപേടെ ഡയമണ്ട് സെറ്റും വാങ്ങിക്കൊണ്ട് വന്നേച്ചു, ഞാന്‍ കൊച്ചുമായി ആ പൊത്തിനാത്ത് കേറി ഇരിക്കാന്‍ പോവ്വല്ലേ? അച്ചനു കൊച്ചുങ്ങടെ കരച്ചില്‍ സഹിക്കാന്‍ മേലേല്‍, അടുത്തയാഴ്ച തൊട്ടു, അച്ചന്‍ അതിനകത്തിരുന്നു കുര്‍ബാന ചൊല്ലിക്കോ.... ഞങ്ങളിവിടെ തന്നെ ഇരിക്കും.'' അവളുടെ ശബ്ദം അല്പം ഉറക്കെയായതിനാല്‍ ഞാന്‍ കേട്ടു.

അവളുടെ ഭര്‍ത്താവ് എന്നെ ഒന്നുനോക്കി. ഞാന്‍ അത് കേട്ടില്ലെന്ന് നടിച്ചിരുന്നു. അതങ്ങ്, പള്ളിയില്‍ പോയി പറഞ്ഞാ മതിയെന്ന് പെങ്കൊച്ചു പറഞ്ഞില്ല. എങ്ങനെ പറയും? പള്ളിയില്‍ പറഞ്ഞാല്‍ ആര് കേള്‍ക്കും? നമ്മളില്‍ ചിലരെങ്കിലും നമ്മുടെ, സകല അരിശവും ദേഷ്യവും തീര്‍ക്കാനും, അച്ചന്റെ കൊങ്ങക്കും കയ്ക്കാരന്റെ കുത്തിനും പിടിക്കാനും ആഴ്ചയില്‍ വന്നു പൊങ്ങച്ചം പറയാനും, വേഷം കെട്ടാനും ഉള്ള ഒരു വേദിയാക്കി നമ്മുടെ പള്ളികളെ മാറ്റിയിരിക്കുന്നു. അവരെ നിലയ്ക്ക് നിര്‍ത്താന്‍ ആഗ്രഹം ഉണ്ടെങ്കിലും ഇതിനൊന്നും എതിരെ പ്രതികരിക്കാനോ, ശബ്ദം ഉയര്‍ത്താനോ കഴിയാത്ത നിസഹായരായ കുറെ പുരോഹിതന്മാരും. എന്തെങ്കിലും പറഞ്ഞു പോയാല്‍ നമ്മുടെ ആണുങ്ങള്‍ അച്ചനു നേരെ ഇങ്കുലാബ് വിളിക്കും. അച്ചന്റെ വിസ കളയിക്കും എന്ന് ഭീഷണിപ്പെടുത്തും. അല്ലെങ്കില്‍ തിരുമേനിക്ക് പരാതി കൊടുക്കും. അച്ചന്മാര്‍ക്കും അത് വയറ്റിപ്പിഴപ്പല്ലേ, വല്ല കൊള്ളിയും ആയി പോട്ടെ എന്ന് അവരും വിചാരിക്കും. ഒന്നുമല്ലേല്‍ അമേരിക്കയായിട്ടും പെണ്ണുങ്ങള്‍ തുണി ഉടുത്തോണ്ട് വരുന്നുണ്ടല്ലോ എന്നോര്‍ത്ത് സമാധാനിക്കും. നമ്മുടെ ചില കൗമാരക്കാരായ പെണ്‍കുട്ടികളെങ്കിലും കഴിയുമെങ്കില്‍ എത്രയും കുറച്ചു തുണി ഉടുത്തുവരാന്‍ ശ്രദ്ധിക്കാറുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. അവളോട് ''ഇനി മേലാല്‍ അതിട്ടോണ്ട് പള്ളിയില്‍ പോകേണ്ട'' എന്നു പറയാനുള്ള ധൈര്യം മാതാപിതാക്കള്‍ക്കും ഇല്ല. പറഞ്ഞാല്‍ പെണ്ണ് ഇനി പള്ളിയില്‍ വരാതിരുന്നാലോ എന്നാണ് അമ്മമാരുടെ പേടി. ആര് ആരോട് പറയാന്‍?

അമേരിക്കയിലെ, എന്റെ സഹോദരിമാരോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയേ ഉള്ളൂ. സന്ദര്‍ഭത്തിനനുസരിച്ച്, നമുക്കൊരുങ്ങാം. പള്ളിയില്‍ തന്നെ, എത്രയോ പ്രത്യേക ദിവസങ്ങള്‍ നമുക്കുണ്ട്.... ക്രിസ്തുമസ്സിനും, പളളിപ്പെരുന്നാളിനും, ഈസ്റ്ററിനും എല്ലാം നമുക്ക് കുറച്ച് മോഡി ആവാം, പക്ഷെ സാധാരണ ഞായറാഴ്ചകളില്‍ നമുക്ക് എന്തിനിത്ര വിലകൂടിയ, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും ആഭരണങ്ങളും, ''പള്ളിയില്‍ ഉടുക്കാനായി സാധാരണ സാരികള്‍ വാങ്ങിയാല്‍, നാട്ടില്‍ നമ്മള്‍ സാരിക്കടയില്‍ കൊടുക്കുന്ന കനത്ത തുകകളും ലാഭിക്കാം. തീര്‍ച്ചയായും നാം സ്ത്രീകള്‍ മേയ്ക്കപ്പ് ഇടുകയും അണിഞ്ഞൊരുങ്ങുകയും വേണം. പക്ഷെ, എല്ലാം അവസരോചിതമാവണം എന്നുമാത്രം!

(മെയ്‌ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചത്. ലേഖിക: മീനു എലിസബത്ത്)

3 comments:

  1. I have seen some American women going to beauty parlor before the funeral of their loved ones in India. Kalam Pokunna Pokke!

    ReplyDelete
    Replies
    1. Very Good.This is an Eye Opening Article.Congratulations to the Author

      Delete
  2. These ignorant people when they come here they buy an expensive car and parks it infront of the Church. What do you expect from people whose basic education is "Kalary" and a job in a toddy shop in Kerala.

    ReplyDelete