Wednesday, April 11, 2012

ചിന്തിക്കേണ്ടവര്ക്ക് ചിന്തിക്കാന്‍....


ഒരു സമുദായത്തെ സാരമായി ബാധിക്കുന്ന കാര്യങ്ങളില്‍ ആരോടുമാലോചിക്കാതെ തീരുമാനം കൈക്കൊണ്ടു അത് നടപ്പിലാക്കുകയും, അതിനെ പൊതുജനം എതിര്‍ക്കുമ്പോള്‍ അവരെ ശത്രുക്കളെപോലെ കണക്കാക്കി, വൈരാഗ്യപൂര്‍വമായ നടപടികളെടുക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍, ചിന്തിക്കുന്ന സ്വഭാവമുള്ളവര്‍ക്ക്, മറ്റൊരു ബ്ലോഗില്‍ കണ്ട ഈ കുറിപ്പ് രസകരമായി തോന്നിയേക്കാം. അജ്ഞാതനായ ഇദ്ദേഹം പറഞ്ഞതിനെ ആക്രമിച്ചു കൊള്ളുക, പക്ഷെ, അദ്ദേഹത്തെ വെറുതെ വിടുക.

Administrator


ക്രിസ്തീയ സഭകള്‍ ബൈബിളിനും ക്രിസ്തുവിനും ഉപരോധം ഏര്‍പ്പെടുത്തി മാമോനെ പ്രതിഷ്ടിച്ചിരിക്കുകയല്ലേ? സഭ ഒരു ശരീരമാണെങ്കില്‍ എല്ലാ അവയവങ്ങളും പ്രവര്‍ത്തിച്ചാലേ നിര്‍വചനം ശരിയാകയുള്ളൂ. ബ്രാഹ്മണരും വൈശ്യരൂം ശൂദ്രരൂം, തൊട്ടു തീണ്ടാത്തവരെല്ലാം ബ്രഹ്മാവില്‍നിന്നു കുരുത്തതുപോലെ സഭ അല്മായരെ തീണ്ടാജാതികളായി കണക്കാക്കുന്നു.

തല വത്തിക്കാനും കൈകള്‍ മാമ്മോനും ഉടല്‍ പുരോഹിതരും പാദങ്ങള്‍ സന്യാസ്സിനികളും തൊട്ടു കൂടാത്തവര്‍ അല്മെനികളും ഇങ്ങനെ പോവുന്നു സഭയുടെ ഘടനകള്‍.

ആരോഗ്യപരമായ അല്‍മായവിമര്‍ശനങ്ങള്‍ സഭയുടെ നിലനില്‍പ്പിനു ആവശ്യമാണ്. അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചത് നവീകരണ സഭകള്‍ക്കും കാരണം തെളിയിച്ചുവെന്നു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.

പതിന്നാലാംനൂറ്റാണ്ടുവരെ പുരോഹിതര്‍ക്കു മാത്രമേ സഭയില്‍ ബൈബിള്‍ വായിച്ചു അര്‍ഥം പറയുവാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. 1382-ല്‍ സഭയുടെ ഈ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് John Wycliff എന്ന പുരോഹിതന്‍ ലത്തീന്‍ ഭാഷയില്‍ നിന്നു ബൈബിള്‍ ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്തു. യൂറോപ്പ് മുഴുവന്‍ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍
പരന്നു. തന്മൂലം സഭാക്കുള്ളിലും ധാരാളം ചിന്തകന്‍മാര്‍ ഉണ്ടായി.

മാര്‍ട്ടിന്‍ ലൂതര്‍ സഭയില്‍ വിപ്ലവം ഉണ്ടാക്കി. ബൈബിള്‍ ആണ് യദാര്‍ഥത്തില്‍ കത്തോലിക്കാ സഭ വിഭജിക്കുവാനും കാരണം. പിന്നെയും നവീകരണ സഭകള്‍ നൂറു കഷണങ്ങളായി ദൈവവചനങ്ങളുടെ പേരില്‍ പിരിഞ്ഞു.

മാര്‍ട്ടിന്‍ ലൂതര്‍ അക്കാലത്തു കത്തോലിക്കാ സഭയുടെ 95അന്ധവിശ്വാസങ്ങള്‍ എഴുതി എല്ലാ പള്ളികളിലും ബോര്‍ഡായി തൂക്കിയിടുമായിരുന്നു. ഇന്നു ജനങ്ങളെ ബോധമുള്ളവരാക്കുവാന്‍ സൈബര്‍ലോകവും വാര്‍ത്താവിനിമയ മാര്‍ഗങ്ങളും ഉണ്ട്.എല്ലാ മതങ്ങളിലും ദൈവികാംശം ഉണ്ടെന്നും പുരോഹിതരുടെ ക്രിസ്തുവല്ല യഥാര്‍ഥ ക്രിസ്തുവെന്നും ലോകം അറിയേണ്ടതായി ഉണ്ട്. സങ്കുചിത ചിന്താഗതിയല്ല ദൈവികമതം.

ക്രിസ്തുവിനു മുമ്പില്‍ അല്മായര്‍ക്കില്ലാത്ത ഒരു അധികാരവും പുരോഹിതക്കില്ലെന്നു മനസ്സിലാക്കണം. ധ്യാനവും ആശ്രമജീവിതവും ആയി സമൂഹത്തിനു നിരൂപയോഗമായി ജീവിക്കുന്ന പുരോഹിതര്‍ അല്മായരില്‍നിന്നു വേറിട്ട്‌ ഒറ്റപ്പെട്ടു ജീവിക്കാതെ പ്രവര്‍ത്തനനിരതരായി ക്രിസ്തു ദര്‍ശനത്തില്‍ക്കൂടി സമൂഹത്തിലേക്കു ഇറങ്ങി വരണം.

യേശുവിന്‍റെ കാഴ്ചപ്പാടില്ലാതെ മതം ഇന്നു വെറും ഒരു തമാശയാണ്. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനുശേഷം സഭ തുറന്ന ചര്‍ച്ചകള്‍ക്കായി വഴി തുറന്നുകൊടുത്തുവെങ്കിലും പുരോഹിതര്‍ ഇന്നും അല്മെനികളെ
സുപ്രധാനമായ തീരുമാനങ്ങളില്‍ അടുപ്പിക്കാറില്ല.

ക്രിസ്തുവിന്‍റെ പലസഭകള്‍ തമ്മിലും ശത്രുമനോഭാവത്തില്‍ പോവുന്നു. ഈര്‍ക്കിലികള്‍പോലെ പൊട്ടിത്തെറിക്കുന്ന സഭകള്‍ക്കും കാരണം, ക്രിസ്തുവിനെ ദര്‍ശിക്കാതെ ബൈബിള്‍ സൌകര്യപൂര്‍വ്വം വ്യാഖ്യാനിക്കുന്നതു മൂലമാണ്. ശിഥിലമാകുന്ന ഈ ഞാജൂല്‍ സഭകള്‍ പെതക്കൊസ്തു നാളില്‍ സഭയുണ്ടായെന്നും അവകാശപ്പെടും. ക്രിസ്തുവില്ലാത്ത ആദ്യമസഭയാണ് ഇവരെല്ലാം കൊട്ടിഘോഷിച്ചുകൊണ്ടു നടക്കുന്നത്.

നൂറുതരം വചനങ്ങളും നൂറു ക്രിസ്തുമാരും വാണരുളുന്ന ലോകത്തുനിന്നും ക്രിസ്തു പണ്ടേ ഒളിച്ചുപോയി. പരിശുദ്ധ അരൂപിനിറഞ്ഞു ഓലേഞ്ഞാലി പക്ഷികളെപ്പോലെ ഓരോ ഈര്‍ക്കിലി സഭകളും കത്തോലിക്കരും തങ്ങളാണ് ക്രിസ്തുവിന്‍റെ സഭയെന്നു മുറവിളി കൂട്ടിയാലോന്നും ക്രിസ്തു അവിടെ എത്തുകയുമില്ല.

സഭയെന്ന ശരീരത്തിന്‍റെ ശിരസ്സു അല്മെനികളാണെന്ന് സഭാനേതൃത്വം മനസ്സിലാക്കുന്ന സുദിനം വന്നാല്‍ സഭയില്‍ വീണ്ടും ക്രിസ്തു വസിക്കും.

No comments:

Post a Comment