Sunday, April 8, 2012

വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടോ?


രാജാവ്‌ നഗ്നനാണെന്ന് പറയുവാനുള്ള നിഷ്കളങ്കത എല്ലാവര്‍ക്കുമില്ല എന്നറിയാം. ഒരു പക്ഷെ അതിന്‍റെ ആവശ്യവും ഇല്ലായിരിക്കും, എന്നാലും അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സമുദായത്തിനുപുറത്തുനിന്നുള്ള വിവാഹത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ച് നടത്തിയ അഭിപ്രായപ്രകടനവും തുടര്‍ന്ന് സമുദായത്തിലുണ്ടായ  പ്രതികരണങ്ങളും സാമാന്യ ജനങ്ങളുടെ ചിന്തയിലേക്ക് വരേണ്ടതല്ലേ എന്നൊരു എളിയ അഭിപ്രായം എനിക്കുണ്ട് പിതാവിന്‍റെ അഭിപ്രായത്തിനെതിരായി വാളോങ്ങിയവര്‍ക്കു അതിനുള്ള അര്‍ഹതഉണ്ടായിരിക്കും. അവരുടെ വാദം ശരിയുമായിരിക്കും. പിതാവായതുകൊണ്ട് പറയുന്നതെല്ലാം ശരിയായിരിക്കും എന്നൊരു മുന്‍വിധിയുമില്ല.

എങ്കിലും ഒരു മഹത്തായ പാരമ്പര്യവും അതിലുറച്ച ദൈവവിശ്വാസവും കൈമുതലായുള്ള ഒരു സമുദായം കാലത്തിനും ലോകത്തിനും അനുസരിച്ച് ജീവിക്കേണ്ടതല്ലേ. അതുകൊണ്ടല്ലേ എല്ലാ നിയമങ്ങള്‍ക്കും ഭരണഘടനകള്‍ക്കും കാലോചിതമായ ഭേദഗതികളുണ്ടാകുന്നത്. അതല്ലേ സംസ്കാരത്തിന്റെയും  വിദ്യാഭ്യാസത്തിന്റെയും ചിന്താശേഷിയുടെയും ഒക്കെ ബാക്കിപത്രം.

അഭിപ്രായം പറയുവാനുള്ള അവകാശം പിതാവിനും, എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കുമുള്ളത് അഗീകരിച്ചുകൊണ്ടുതന്നെ എന്റെ ചില അഭിപ്രായങ്ങള്‍ പങ്കുവയ്ക്കട്ടെ.

ക്നാനായ വികാരമെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില നേതാക്കള്‍ നടത്തിയ പ്രതികരണങ്ങളും പ്രകടനങ്ങളും അനുചിതവും അരോചകവും ആയിരുന്നില്ലേ? ക്നാനായ വികാരത്തിന്റെ മൊത്തം മനസാക്ഷി സൂക്ഷിപ്പുകാരായി രംഗത്ത് വന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുവാന്‍ ശ്രമിക്കുകയായിരുന്നില്ലേ? നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാ ക്നാനായക്കാരുടെയും വികാരമാണെന്ന് എന്താണൊരു ഉറപ്പ്? പിതാവ് പറഞ്ഞതിനോട്  യോജിപ്പുള്ളവര്‍  ഇല്ല എന്ന് എങ്ങനെ അറിയാം? .യോജിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരുടെ താല്‍പ്പര്യം ആര് സംരക്ഷിക്കും? .സാമാന്യ നീതി അവര്‍ക്കും കിട്ടേണ്ടതല്ലേ? പ്രശ്നങ്ങളെ സഹിഷ്ണുതയോടെ കാണുന്നതല്ലേ ഉചിതം? ചെറിയ തീപ്പൊരികളാണ് വലിയ പൊട്ടിത്തെറികളില്‍ എത്തിയിട്ടുള്ളത്. തുടക്കം മുതല്‍ നിലനില്‍ക്കുന്ന ആചാരങ്ങളും നടപടികളും മാറ്റുവാന്‍ തീരുമാനിക്കുമ്പോള്‍ ആവശ്യമായ ആലോചനകള്‍ ഉണ്ടാവണം. ആലോചിക്കേണ്ട എല്ലാവരോടും ആലോചിക്കണം. അഭിപ്രായ ഐഖ്യം ഉണ്ടാകണം. അതിനു പകരം സമുദായത്തിന് മൊത്തം അപമാനകരമാകുന്ന നടപടികള്‍ ഉണ്ടാകരുത്. എല്ലാവരെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് പോകേണ്ടത് സഭയുടെ അധികാരികളും സംഘടനയുടെ നേതാക്കളുമൊക്കെയാണ്. സമൂഹമധ്യത്തില്‍ പിതാവിനെ അവഹേളിക്കാന്‍ ശ്രമിക്കരുതായിരുന്നു. സമുദായത്തോട് സ്നേഹവും ആത്മാര്‍ത്ഥതയുമുള്ളവര്‍ ഇങ്ങനെ വിഴുപ്പലക്കാതെ സങ്കീര്‍ണമാകുന്ന  വിഷയങ്ങളില്‍ എല്ലാ സമുദായ അംഗങ്ങളുടെയും അഭിപ്രായം അറിയുന്നതിന് ശ്രമിക്കണം

പിതാവ് പറഞ്ഞതിനെക്കുറിച്ചു  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എഴുപതിലേറെ രാജ്യങ്ങളിലായി ജീവിക്കുന്ന ക്നാനായ കുടുംബങ്ങളുടെ പൊതുവായ അഭിപ്രായം അറിയുന്നതിനുള്ള ഒരു ശ്രമം നടത്തണം ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് നിഷ്പക്ഷവും സ്വതന്ത്രവും വിശ്വാസ്യവും ആയ രീതിയില് അത് അറിയുവാനുള്ള എല്ലാ സംവിധാനവും ഇന്ന് നിലവിലുണ്ടല്ലോ. സമുദായവുമായി ബന്ധമുള്ള എല്ലാ സംഘടനകളും ഇതിനു വേണ്ടതൊക്കെ ചെയ്യണം .

ഭൂരിപക്ഷം പറയുന്നത് നടപ്പിലാക്കാനോ ന്യുനപക്ഷത്തെ തള്ളിക്കളയുവാനോ ആവരുത് ഈ അഭിപ്രായ ശേഖരണം. അങ്ങനെയൊന്നു നടന്നാല്‍ പുതിയ കാലത്തിന്റെ ചുവരെഴുത്ത് നമുക്ക് കാണുവാന്‍ കഴിയും. അതിനനുസരിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തുവാനും  ശരിയായത് അങ്ങനെതന്നെ എന്നുറപ്പിക്കാനും കഴിയും. അതാണ് ഏതു പരിഷ്കൃത സമൂഹത്തിന്റെയും ചുമതല.

നിലവില്‍ നമ്മുടെ കുടുംബങ്ങളില്‍ നിന്നും എത്രപേര്‍ ഇതര മതസ്ഥരേയോ മറ്റു സമുദായ അംഗങ്ങളെയോ വിവാഹം കഴിച്ചിട്ടുണ്ട് എന്നൊരു കണക്കെടുപ്പുനടത്തി അതെക്കുറിച് ഒരു പഠനം നടത്തണം. നിവൃത്തികേടുകൊണ്ടുമാത്രം മറ്റൊരു വഴിയുമില്ലഞ്ഞിട്ടു മറ്റു സമുദായങ്ങളില്‍നിന്നും വിവാഹം കഴിക്കേണ്ടി വന്നുപോയ, ക്നാനായവികാരം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു വിഭാഗത്തിന്റെ ഹൃദയവേദനയോടു മനുഷ്യത്വപരമായ ഒരു സമീപനം വേണ്ടതല്ലേ?

ഈ വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യേണ്ടതാണെന്ന് പലരും സ്വകാര്യമായി പറയാറുണ്ട്. വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടാവുന്നവര്‍ക്കിടയില്‍ പക്ഷെ രാജാവ്‌ നഗ്നനാണെന്ന് പറയുവാനുള്ള ആര്‍ജവം നമുക്കില്ലാതെ പോകുന്നു..

No comments:

Post a Comment