കേരള ക്രിസ്ത്യാനികളില്‍ വൈദികരെയും തിരുമേനിമാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മറ്റാരെക്കാള്‍ മുമ്പിലായിരുന്നു കത്തോലിക്കാരായ ക്നാനയമക്കള്‍. ഒരുവക അന്ധമായ ആരാധനയായിരുന്നു. വര്‍ക്കിപിതാവ് കാലം ചെയ്തു, പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്ന സമയം, ഏറ്റവും ചാന്‍സ് നമ്മുടെ തിരുമേനിയ്ക്കാണ് എന്ന് അഭിമാനത്തോടെ പറഞ്ഞു നടന്ന നിരവധി ക്നാനയസഹോദരങ്ങളെ കണ്ടു. മറ്റു സമുദായക്കാര്‍ക്ക് നമ്മളോടുള്ള മനോഭാവം ഏറെക്കുറെ അറിയാവുന്നത്കൊണ്ട് അങ്ങിനെ സംഭവിക്കാന്‍ സാധ്യതയില്ല എന്ന് പറയാന്‍ ശ്രമിച്ചപ്പോള്‍, അവരില്‍ പലരും ദേഷ്യപ്പെടുന്നതാണ് കണ്ടത്. മൂലക്കാട്ട് തിരുമേനി കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെടുമെന്നും, അതോടെ കേരളത്തില്‍ തങ്ങളുടെ നിലയും വിലയും ഉയരുമെന്നും അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നതായി തോന്നി. അത്രയ്ക്കായിരുന്നു അവര്‍ക്ക് തിരുമേനിയുമായുള്ള ആത്മബന്ധം.
ഫെബ്രുവരി ഇരുപത്തഞ്ചാം തിയതി ലോസ് ആഞ്ചലസില്‍ നടന്ന സമ്മേളനത്തിന്റെ വിവരമറിയാന്‍ എന്തൊരു ആകാംഷ ആയിരുന്നെന്നോ, നമ്മുടെ സഹോദരന്മാര്‍ക്ക്! അവിടെ സമുദായത്തിനു ഏറെ ഗുണകരമായ എന്തെങ്കിലും സംഭവിക്കും എന്നവര്‍ പ്രത്യാശിച്ചു. അവരില്‍ പലര്‍ക്കും, പ്രസ്തുത മീറ്റിംഗ് എന്തിനു വേണ്ടി ആയിരുന്നു എന്ന് പോലും അറിയില്ലായിരുന്നു.
മീറ്റിംഗ് കഴിഞ്ഞു ദിവസങ്ങളോളം അതിനെക്കുറിച്ച് കാര്യമായ വിവരമൊന്നും പുറത്തു വന്നില്ല. കേരളത്തില്‍, പുരോഹിതരോടും, അരമനയിലുള്ളവരോടും അന്വേഷിച്ചിട്ടു ആര്‍ക്കും ഒരു തുമ്പും കിട്ടിയിരുന്നില്ല. ആദ്യമായി അല്പം വാര്‍ത്ത വന്നത് KCCNA Secretary-യിലൂടെയാണ്. സെക്രട്ടറിയുടെ സര്‍ക്കുലര്‍ ഇംഗ്ലീഷില്‍ ആയിരുന്നു, മനസ്സിലായതിലെന്തോ കുഴപ്പമാണ്, തിരുമേനി തീരുമാനിച്ചത് സമുദായത്തിന് ഗുണം വരുന്ന എന്തെങ്കിലുമായിരിക്കും എന്ന് തന്നെ അവര്‍ വിശ്വസിച്ചു. അങ്ങാടിയത് പിതാവ് മൂന്നു വര്‍ഷങ്ങള്‍ മുമ്പ് നമ്മുടെ തിരുമേനിമാരെയും വൈദികരെയും ഇരുത്തിക്കൊണ്ട് പറഞ്ഞ ചങ്ക് പൊട്ടുന്ന വര്ത്തമാനമെല്ലാം നമ്മുടെ സ്വന്തം പിതാവ് തിരുത്തും എന്ന് തന്നെ അവര്‍ വിശ്വസിച്ചു.
അങ്ങിനെ, മാര്ച് ഒന്നാം തിയതി, മുത്തോലത്തച്ചന്റെ മുഖവുരയോടെ, തിരുമേനി കാര്യങ്ങള്‍ പറഞ്ഞു. മറുചോദ്യം ചോദിച്ചവനെ ശ്രോതാക്കള്‍ കൂവിയിരുത്തി, തിരുമേനി പറഞ്ഞപ്പോള്‍ കൈയ്യടിച്ചു. അപ്പോഴും, തിരുമേനി പറയുന്നത് സമുദായതാല്പര്യങ്ങള്‍ക്കെതിരാണെന്നു അവര്‍ക്കാര്‍ക്കും വിശ്വാസമായില്ല.
അത് കഴിഞ്ഞു ഇടയസന്ദര്‍ശനത്തിനു (അങ്ങിനെ പറയാമോ?) പിതാവ് മാന്ചെസ്റെരില്‍ എത്തി. യു.കെ.യിലെ ക്നാനായമക്കള്‍ എല്ലാം മാര്ച് ഒന്നാം തിയതിയിലെ പ്രസംഗത്തിന്റെ വീഡിയോ കണ്ടിരുന്നു. പക്ഷെ അത് ഇത്ര ഭയങ്കര ചതിയാണെന്നു അവരും കരുതിയില്ല. (അത് കഴിഞ്ഞു ഏതാണ്ട് ആറാഴ്ചകള്‍ക്ക് ശേഷമാണ് അവരൊരു പ്രമേയം പാസ്സാക്കിയത് എന്നോര്‍ക്കുക).
ഇതെല്ലാം കഴിഞ്ഞു പിതാവ് തിരിച്ചു നാട്ടില്‍ ചെല്ലുമ്പോഴാണ് പ്രതിഷേധത്തിന്റെ മാലപ്പടക്കത്തിന്റെ തിരി കൊളുത്തിയത്. അതെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഇവിടെ വിവരിക്കേണ്ട ആവശ്യമില്ലല്ലോ.
ഇത്രയും പിതാക്കന്മാരെ സ്നേഹിക്കുന്ന ഒരു ജനത, ഇന്ന് എന്ത് കൊണ്ട് മൂലക്കാട്ട് പിതാവിനെതിരെ ഒന്നടങ്കം തിരിഞ്ഞിരിക്കുന്നു. (കുറെ മദ്യപാനികളും ഗുണ്ടകളും മാത്രമാണ് എതിര്‍ക്കുന്നതെന്ന് പറയുന്നവരെ നമുക്ക് അവഗണിക്കാം).
എന്തുകൊണ്ട്?
അങ്ങാടിയത് പിതാവിന്റെ 2009-ലെ പ്രസംഗം ഒട്ടു മിക്കവരും കേട്ടിരുന്നു. അദ്ദേഹം വെളിയില്‍ നിന്ന് വിവാഹം കഴിച്ച ഒരാള്‍ക്ക് (വളരെ ലളിതമായ ഇംഗ്ലീഷില്‍) എഴുതിയ എഴുത്തും മിക്കവാറുംപേര്‍ വായിച്ചിരുന്നു. അതിനു രണ്ടിനും വിരുദ്ധമായിട്ടാണ് നമ്മുടെ തിരുമേനി പ്രഖ്യാപിച്ചതും, ഇപ്പോള്‍ പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നതും. അങ്ങാടിയത് പിതാവാണെങ്കില്‍ തിരുവായ് ഒന്ന് തുറക്കുന്നുമില്ല.
ഈ പിതാക്കന്മാര്‍ രണ്ടുപേരും കൂടി ഇക്കാര്യത്തില്‍ സംയുക്തമായി ഒരു പ്രസ്താവന ഇറക്കണമെന്ന് അവരോടു വിനീതമായി അഭ്യര്‍ഥിച്ചാല്‍, ഈയുള്ളവന്‍ പിണറായിയുടെ ചേട്ടനാണെന്നു വേണമെങ്കില്‍ പറഞ്ഞുകൊള്ളുക, പക്ഷെ, എന്റെ ഭാര്യ ക്നാനായക്കാരി തന്നെയാണോ എന്ന് പ്രിയ ക്നാനായസഹോദരരെ, ദയവുചെയ്ത് വീണ്ടും ചോദിക്കരുത്.
No comments:
Post a Comment