Saturday, April 7, 2012

ചില വൈദിക വിചാരങ്ങള്‍ - സി.എം.സി.


നാമെല്ലാം ശീലത്തിന്റെ അടിമകളാണ്. അതിലൊന്നാണ് വൈദികരെ കാണുമ്പോള്‍ “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്ന അഭിവാദ്യം.  ഇത് കേട്ട് തങ്ങള്‍ ഈശോ മിശിഹാ ആണെന്ന് തെറ്റിദ്ധരിക്കുന്ന ചില വൈദികര്‍ നമുക്കിടയിലുണ്ട്. അത്തരത്തില്‍ ചിലരെപ്പറ്റി ഹൃദയഭേദകമായ ഏതാനും അനുഭവങ്ങള്‍, സ്വന്തവും മറ്റുള്ളവരുടേതുമായവ, വായനക്കാരുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നു.

ഒരു ദേവാലയ പുനര്നിര്‍മ്മാണ ഫണ്ടിലേയ്ക്ക് ഇടവകാംഗമായിരുന്ന ഒരാള്‍ കൊടുക്കേണ്ടിയിരുന്ന വീതം പതിനായിരം രൂപ ആയിരുന്നു. ഒരിക്കല്‍ അയാള്‍ മറ്റെന്തോ ആവശ്യത്തിന് പള്ളിമേടയില്‍ എത്തിയപ്പോള്‍ അച്ചന്‍ പറഞ്ഞു,

“നിന്റെ മകന്‍ അമേരിക്കയിലേയ്ക്ക് പോയെന്നു കേട്ടു. അതുകൊണ്ട് നിന്റെ വീതം ഒരു ലക്ഷം ആയി ഉയര്‍ത്തിയിട്ടുണ്ട്.”

“അച്ചോ, അത്.... അവന്‍ അവിടെ എത്തിയെങ്കിലും ഇതു വരെ നല്ല ഒരു ജോലി ആയില്ല. കാറ്റും തണുപ്പും സഹിച്ചു തുച്ഛമായ ശമ്പളത്തില്‍ ഒരു പമ്പില്‍ പെട്രോള്‍ ഒഴിച്ചു കൊടുക്കുന്ന പണിയാണിപ്പോള്‍. അതുകൊണ്ട് ഒരു ലക്ഷം എന്നൊക്കെ പറഞ്ഞാല്‍ എന്നെക്കൊണ്ട് താങ്ങാനാവില്ല.” അയാള്‍ നിസ്സഹായനായി പറഞ്ഞു.

“നീയൊക്കെ ഒടുവില്‍ ആശുപത്രിയില്‍ കൊണ്ട് കൊടുക്കുകയേ ഉള്ളൂ ഈ പണമൊക്കെ.” ആ കത്തോലിക്കാ പുരോഹിതന്റെ പ്രാക്കില്‍ ഹൃദയം തകര്‍ന്ന ആ വിശ്വാസി പിന്നീടൊരിക്കലും ആ പള്ളിമുറ്റത്ത്‌ കാല്‍ കുത്തിയില്ല.

ഞാന്‍ അടുത്തയിടെ നാട്ടില്‍ പോയി. വിശ്രമജീവിതപ്രായം  എത്തിയതുകൊണ്ട് മൂന്നുനാല് മാസം നാട്ടിലാകാമെന്നു കരുതി. ശീലത്തിന്റെ പിടിയില്‍ പെട്ട് പണ്ടെന്നോ എന്റെ ഇടവകയായിരുന്ന പള്ളിയില്‍ പോയി. കുര്‍ബാന കഴിഞ്ഞു പള്ളിവികാരി അടുത്ത് വന്നു കുശലം ചോദിച്ച കൂട്ടത്തില്‍ പറഞ്ഞു.

“നമ്മുടെ സ്കൂള്‍ കെട്ടിടം പൊളിച്ചു പുതിയതൊന്നു മൂന്നു നിലയില്‍ പണിയാന്‍ തീരുമാനിച്ചു.  ഒരു നില കല്യാണമണ്ഡപവുമാക്കിയാല്‍ ആളുകള്‍ക്ക് സൌകര്യവും, പള്ളിയ്ക്ക് സാമ്പത്തികവരുമാനവും ആകും.” കഴിവുള്ള സഹായം വാഗ്ദാനം ചെയ്തു ഞാന്‍ വീട്ടിലേയ്ക്ക് നടന്നു.

പള്ളി കഴിഞ്ഞു പോകുന്ന ആളുകളുടെ ഇടയില്‍ നിന്ന് ഒരു പന്ത്രണ്ടുകാരന്‍ എന്നെ നോക്കി ചിരിച്ചു. പ്രിയപ്പെട്ട ആരെയോ കണ്ടതിന്റെ സന്തോഷം അവന്റെ മുഖത്ത്.

“മനസ്സിലായില്ലല്ലോ....” ഞാനും ചിരിച്ചു.

“ഞാന്‍ തെക്കെപറമ്പിലെ ആലീസിന്റെ മകളുടെ മകനാണ്.” അവന്‍ വീണ്ടും ചിരിച്ചു. ഇത്തവണത്തെ ചിരിയില്‍ അവനില്‍ ഞാന്‍ ആലീസിന്റെ മുഖച്ഛായ കണ്ടു. ആലീസും ഞാനും ഒന്നിച്ചു പഠിച്ചതാണ്. അവള്‍ ഒരകന്ന ബന്ധു കൂടിയാണ്.

“നീയെന്തേ, വേദപാഠ ക്ലാസ്സില്‍ പോയില്ല?” ഞാന്‍ തിരക്കി.

“ഞാന്‍ ഈ സ്കൂളിലല്ല പഠിക്കുന്നത്”

“അതെന്താ?”

“ക്നാനായക്കരനല്ലാത്തതുകൊണ്ട് എന്നെ ഈ സ്കൂളില്‍ ചേരാന്‍ അനുവദിച്ചില്ല. ഞാന്‍ ദേവീവിലാസത്തിലാണ് പഠിക്കുന്നത്.”

വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു, “ഇപ്പോഴുള്ള സ്കൂള്‍ കെട്ടിടം പണിയാന്‍ കൂലി വാങ്ങാതെ വെട്ടുകല്ല് ചുമന്നവനാണ് ആലീസിന്റെ അപ്പന്‍.”

അറുപതു വര്ഷം മുമ്പ്‌ ഞങ്ങളുടെ കുടുംബത്തില്‍ ഒരു പെണ്‍കുട്ടി പത്താം ക്ലാസ്സും ടി.ടി.സി.യും പാസ്സായശേഷം പള്ളിവക സ്കൂളില്‍ ഒരു ജോലിക്കപേക്ഷിച്ചു.

“നിനക്കിവിടെ ജോലി തരില്ല, കാരണം നിന്റെ ആങ്ങള കമ്മ്യൂണിസ്റ്റ്‌ ആണ്” – അന്നത്തെ വികാരി അച്ചന്റെ മറുപടി.

ഇന്ന് കമ്മ്യൂണിസ്റ്റ്‌കള്‍ക്ക് വേണ്ടി വോട്ടിരക്കുന്ന അച്ചന്മാരും മെത്രാന്മാരും നമുക്ക് മുമ്പില്‍!

ആളുകളില്‍ നല്ലവരും ചീത്തയും ഉള്ളതുപോലെ വൈദികരിലും അത്തരക്കാരുണ്ടെന്നത് വിശ്വസിക്കാവുന്ന സത്യം മാത്രം.

നമുക്ക് പ്രാര്‍ഥിക്കാം. “ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്ക്കറിയായ്കയാല്‍.....”

സി.എം.സി.

No comments:

Post a Comment