Wednesday, November 9, 2011

പത്താം ജന്മദിനാശംസകള്‍!


പ്രിയ സഹോദരീ, സഹോദരങ്ങളെ,

യു.കെ. നിവാസികളായ ക്‌നാനായ സമുദായാംഗങ്ങളുടെ ഐക്യവും ഒരുമയും വളര്‍ത്തുന്നതിനൊപ്പം അവരുടെ സാമൂഹ്യക്ഷേമവും സാംസ്‌കാരിക-ബൗദ്ധിക ഉന്നമനവും സാമ്പത്തികസുസ്ഥിരതയും ഉറപ്പുവരുത്തുക എന്ന സദ്ദുദേശത്തോടെയാണ് ഇന്നേയ്ക്ക് കൃത്യം പത്തുവര്‍ഷം മുമ്പ് (2001 നവംബര്‍ പത്താംതിയതി) ലണ്ടനിലെ പാഴ്‌സണ്‍ഗ്രീന്‍ പള്ളിയങ്കണത്തില്‍ വച്ച് ഏതാനും സമുദായസ്‌നേഹികള്‍ യു.കെ.കെ.സി.എ. എന്ന ചെടി നട്ടത്.

യു.കെ.യിലെ ക്‌നാനായമക്കളുടെ ചെലവില്‍ ഇവിടെ വന്ന്, കണ്‍വന്‍ഷന്‍ വേദിയില്‍ കയറിനിന്ന് പറഞ്ഞത് യു.കെ.കെ.സി.എ. എന്ന വൃക്ഷത്തിന്റെ വളര്‍ച്ച അസൂയാവഹമാണ്; വേരുകള്‍ പാതാളം വരെ ചെന്നിറങ്ങി; ശിഖിരങ്ങള്‍ ആകാശംമുട്ടെ വളര്‍ന്നു. യു.കെ.കെ.സി.എ. ഇന്ന് വഴിപോക്കര്‍ക്ക് തണലേകുന്ന വൃക്ഷമാണ്. അതിന്റെ ശീതളഛായയില്‍ ക്‌നാനായക്കാരും, ക്‌നാനായക്കാരല്ലാത്തവരുംആശ്വാസം നേടുന്നു. മംഗളം, മനോഹരം.

എന്നിട്ടും ചെടി നട്ടവര്‍ക്ക് നിരാശ. കാരണം വര്‍ഷങ്ങള്‍ പത്തു കഴിഞ്ഞിട്ടും നമ്മുടെ ചെടി കായ്കനികള്‍ ഇനിയും പുറപ്പെടുവിച്ചിട്ടില്ല!

ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടിക്കളയണമെന്ന വിശുദ്ധഗ്രന്ഥത്തിലെ നിര്‍ദ്ദേശം നമുക്ക് തല്ക്കാലം അവഗണിക്കാം.
യു.കെ.കെ.സി.എ. എന്ന വൃക്ഷത്തില്‍ നിന്നും സമുദായാംഗങ്ങള്‍ക്ക് പ്രയോജനകരമായ പലതും ലഭ്യമാകണമെന്നതാണ് ബ്രിട്ടീഷ് ക്‌നായുടെ ആഗ്രഹം. അതിനുതകുന്ന നിര്‍ദ്ദേശങ്ങളും പോംവഴികളുമാണ് ഇതിലൂടെ തേടുന്നത്. അധികാരമോഹികളുടെ സങ്കേതമായി യു.കെ.കെ.സി.എ. അധഃപതിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ശബ്ദം മറ്റുള്ളവരെ കേള്‍പ്പിക്കാനുള്ള വേദി മാത്രമാണ് ബ്രിട്ടീഷ് ക്‌നാ.

യു.കെ.കെ.സി.എ.യുടെ പത്താം ജന്മദിനത്തില്‍ യു.കെ.യിലെ ക്‌നാനായ മക്കള്‍ക്കെല്ലാം നന്മകള്‍ നേരുകയും നമ്മുടെ സംഘടന നമുക്കെല്ലാം അഭിമാനിക്കാനുതകുന്ന ഒന്നാക്കാന്‍ എല്ലാവരും ഒരുമയോടെ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

സ്‌നേഹത്തോടെ,
അഡ്മിനിസ്‌ട്രേറ്റര്‍, ബ്രിട്ടീഷ് ക്‌നാ

1 comment:

  1. siby thomas kandathilNovember 10, 2011 at 9:18 AM

    all the best for the new UKKCA members...

    ReplyDelete