Wednesday, September 5, 2012

നേഴ്സ് മാരുടെ സമരം - അവര്‍ക്ക് പറയാനുള്ളത്

കോതമംഗലം സമരം: വസ്‌തുതകളും യാഥാര്‍ഥ്യങ്ങളും‍

മംഗളം ദിനപത്രത്തില്‍ 'തുറന്ന മനസോടെ' എന്ന പേരില്‍ കെ.എം. റോയി എഴുതുന്ന പംക്‌തിയില്‍ 'ജയിക്കാന്‍ സമരം ചെയ്‌തവരും തോല്‍ക്കാന്‍ സമരം ചെയ്യുന്നവരും' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖന(കെ.എം. റോയിയുടെ പ്രസ്തുത ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)ത്തിനുള്ള മറുപടിയാണ്‌ ഇത്‌.

കഴിഞ്ഞ 115 ദിവസമായി യാക്കോബായ സഭയുടെ കീഴിലുള്ള കോതമംഗലം ചെറിയ പള്ളിയുടെ ഉടമസ്‌ഥതയിലുള്ള മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ 22 നഴ്‌സിംഗ്‌ സ്‌ഥിര ജീവനക്കാരും 60-ഓളം നഴ്‌സിംഗ്‌ വിദ്യാര്‍ഥികളും സമരത്തിലായിരുന്നു. ഈ സമരത്തിന്റെ നിജസ്‌ഥിതി കെ.എം. റോയിയേയും വായനക്കാരെയും അറിയിക്കുകയാണു ലക്ഷ്യം.United Nurses Association എന്ന സംഘടന demand notice തന്നതിനെ തുടര്‍ന്ന്‌ Regional Joint Labour Commissioner (RJLC) ന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ അഞ്ചിനു നടന്ന ആദ്യവട്ട ചര്‍ച്ചയില്‍ത്തന്നെ മാര്‍ ബസേലിയോസ്‌ ആശുപത്രി മാനേജ്‌മെന്റ്‌ കരാര്‍ ഉണ്ടാക്കിയിരുന്നു. 1) എല്ലാ ജീവനക്കാര്‍ക്കും മൂന്നു ഷിഫ്‌റ്റ് ഡ്യൂട്ടി നടപ്പിലാക്കുക. 2) നഴ്‌സ്-പേഷ്യന്റ്‌ അനുപാതം കണക്കാക്കി ജീവനക്കാരെ നിശ്‌ചയിക്കുക. 3) എല്ലാ ജീവനക്കാര്‍ക്കും മിനിമം വേതനവും ഇന്‍ക്രിമെന്റും ഗവണ്‍മെന്റ്‌ നിഷ്‌കര്‍ഷിക്കുന്ന മറ്റ്‌ ആനുകൂല്യങ്ങളും നടപ്പില്‍ വരുത്തുക എന്നീ കാര്യങ്ങളാണ്‌ ഒത്തുതീര്‍പ്പു വ്യവസ്‌ഥയില്‍ പ്രതിപാദിച്ചിരുന്നത്‌.

ഇതില്‍ മൂന്നു ഷിഫ്‌റ്റ് ഡ്യൂട്ടി ഏര്‍പ്പെടുത്തുക എന്ന കാര്യം യു.എന്‍.എ. പ്രതിനിധികളുമായി ആലോചിച്ച്‌ ഡ്യൂട്ടി ക്രമീകരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കി മൂന്നു മാസത്തിനുള്ളില്‍ നടപ്പിലാക്കിയാല്‍ മതിയെന്നു ധാരണയുണ്ടായതുമാണ്‌. ജനറല്‍ വാര്‍ഡ്‌, മുറികള്‍ എന്നിവയിലുള്ള ബെഡുകളുടെ അടിസ്‌ഥാനത്തില്‍ 1:7 എന്നും ഐ.സി.യു.വില്‍ 1:2 എന്നും വെന്റിലേറ്ററില്‍ 1:1 എന്നും ധാരണയായി. ഇതു കണക്കുകൂട്ടി ബോണ്ട്‌് അല്ലെങ്കില്‍ bond extention categoryയില്‍ നിന്ന്‌ 23 നഴ്‌സിംഗ്‌ വിദ്യാര്‍ഥികളെ മാനേജ്‌മെന്റ്‌ ആശുപത്രിയില്‍ സ്‌ഥിര ജീവനക്കാരായി നിയമിച്ചു.


ഈ കരാറില്‍ പറഞ്ഞ മൂന്നാമത്തെ കാര്യം എല്ലാ സ്‌ഥിര ജീവനക്കാര്‍ക്കും ഗവണ്‍മെന്റ്‌ അനുശാസിക്കുന്ന മിനിമം വേതനവും മറ്റെല്ലാ ആനുകൂല്യങ്ങളും നല്‍കണം എന്നതാണ്‌. മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ ജോലി ചെയ്‌തുവരുന്ന എല്ലാ സ്‌ഥിര ജീവനക്കാര്‍ക്കും ഈ രീതിയിലുള്ള മിനിമം വേതനവും മറ്റെല്ലാ ആനുകൂല്യങ്ങളും നല്‍കി വരുന്നതാണ്‌. 12 വര്‍ഷക്കാലമായി ഈ ആശുപത്രിയിലെ ജീവനക്കാര്‍ക്ക്‌ വേതനം നല്‍കിവരുന്നത്‌ ഫെഡറല്‍ ബാങ്കിലൂടെയാണ്‌. കരാറിലെ എല്ലാ കാര്യങ്ങളും മാനേജ്‌മെന്റ്‌ നടപ്പില്‍ വരുത്തിയതായി യു.എന്‍.എ. അംഗീകരിക്കുകയും ചെയ്‌തു.

എന്നാല്‍, ഏപ്രില്‍ 21-ാം തീയതി ബോണ്ട്‌ അല്ലെങ്കില്‍ ഇന്റേണ്‍ഷിപ്പ്‌ ചെയ്‌തുവന്നിരുന്ന 60-ല്‍പ്പരം വിദ്യാര്‍ഥികള്‍ തങ്ങളെക്കൂടി സ്‌ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി വരികയും തങ്ങള്‍ യു.എന്‍.എ. എന്ന സംഘടനയിലല്ല മറിച്ച്‌ ഐ.എന്‍.എ. എന്ന സംഘടനയിലാണു പ്രവര്‍ത്തിക്കുന്നത്‌ എന്നു പറഞ്ഞ്‌ സമരനോട്ടീസ്‌ നല്‍കുകയാണുണ്ടായത്‌. മൂന്നാം ദിവസം സമരം തുടങ്ങുകയും ചെയ്‌തു. മെയ്‌ മൂന്നിന്‌ ട്രെയ്‌നിംഗ്‌ കാലാവധി അവസാനിക്കുന്ന മുറയ്‌ക്ക് സ്വാഭാവികമായും അവര്‍ പുറത്തു പോകണമായിരുന്നു. അതു മനസിലാക്കി തന്നെയാണു കേവലം മൂന്നുദിവസത്തെ നോട്ടീസ്‌ നല്‍കി അവര്‍ സമരത്തിനിറങ്ങിയത്‌.

ഒരുവര്‍ഷം പോലും ട്രെയ്‌നിംഗ്‌ പൂര്‍ത്തിയാക്കാത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും സ്‌ഥിരപ്പെടുത്തണമെന്ന ആവശ്യമല്ലാതെ മറ്റൊരു ആവശ്യവും സമരക്കാര്‍ ഈ കഴിഞ്ഞ 115 ദിവസങ്ങളില്‍ നടന്ന ഒരു ചര്‍ച്ചകളിലും ഉന്നയിച്ചിട്ടില്ല. ഇക്കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്‌ഥരോട്‌ അന്വേഷിച്ചാല്‍ മനസിലാക്കാവുന്നതാണ്‌.

സമരത്തിന്റെ തുടക്കത്തില്‍ തന്നെ, പള്ളിയില്‍ പൊതുയോഗം കൂടുകയും സമരം ചെയ്യുന്നവരോട്‌ സ്‌റ്റാറ്റസ്‌കോ പ്രകാരം ജോലിയില്‍ പ്രവേശിക്കാനും തുടര്‍ന്ന്‌ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാമെന്നും പറഞ്ഞിരുന്നതാണ്‌. ജില്ലാകലക്‌ടര്‍ ചര്‍ച്ചയ്‌ക്കു വിളിച്ചപ്പോഴും മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടത്‌ സമരക്കാര്‍ സമരം അവസാനിപ്പിച്ച്‌ ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നാണ്‌. എന്നാല്‍, ഈ നിര്‍ദേശം അംഗീകരിക്കുവാന്‍ സമരക്കാര്‍ തയാറായില്ല. അതിനു ശേഷവും സമരം തുടര്‍ന്നപ്പോള്‍ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ്‌ പലതവണ ചര്‍ച്ചയ്‌ക്കു വിളിച്ചെങ്കിലും സമരക്കാര്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ ചില സ്‌ഥാപിത താത്‌പര്യക്കാരുടെയും ചില രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളുടെയും പിന്‍ബലത്തോടെ സമരം തുടരുകയാണുണ്ടായത്‌. 'സമര സഹായ സമിതി' എന്ന പേരില്‍ തട്ടിക്കൂട്ടിയ സമിതിയുടെ കാപട്യം തിരിച്ചറിഞ്ഞ്‌ അവരെ അവഗണിക്കാന്‍ തുടങ്ങിയതോടെയാണു സമരക്കാര്‍ അവരുടെ സമരരീതി മാറ്റി പരീക്ഷിച്ചത്‌. അതിന്റെ പ്രതിഫലനമാണ്‌ ഈ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ നാടകം. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവും കൂടാതെ സമരക്കാരില്‍ പെട്ട മൂന്നു പെണ്‍കുട്ടികള്‍ ആശുപത്രിയുടെ ഏഴാം നിലയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.

'ബഹുജനവും സംഘടനകളും ഒറ്റക്കെട്ടായി സമരത്തിനു പിന്നില്‍ അണിനിരന്നു എന്നും തങ്ങള്‍ സമൂഹത്തില്‍ നിന്നും പൂര്‍ണമായും ഒറ്റപ്പെടുന്നു എന്നും മെത്രാന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ബോധ്യമായപ്പോള്‍ അവര്‍ ധാര്‍ഷ്‌ട്യം അവസാനിപ്പിച്ച്‌ ഒത്തുതീര്‍പ്പിനു തയാറായി' എന്നു കെ.എം. റോയി എഴുതിക്കണ്ടു. കോതമംഗലത്തെ നിഷ്‌പക്ഷരായ നാട്ടുകാരോട്‌ അന്വേഷിച്ചാല്‍ സത്യം അറിയാന്‍ സാധിക്കും. തികച്ചും സാമൂഹിക വിരുദ്ധരായ ഒരുകൂട്ടം ആളുകളെ മറ്റു പ്രദേശങ്ങളില്‍ നിന്ന്‌ ഇവിടെ എത്തിച്ച്‌ അഴിഞ്ഞാടാന്‍ അനുവദിക്കുകയും ജനജീവിതം സ്‌തംഭിപ്പിക്കുകയുമാണ്‌ ഉണ്ടായത്‌. ആസൂത്രിമായ ഒരു ഗൂഢാലോചന തന്നെ ഇതിനു പിന്നിലുണ്ട്‌.

വിശുദ്ധ മാര്‍ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാര്‍ ബസേലിയോസ്‌ ആശുപത്രിക്കു കച്ചവട താത്‌പര്യമില്ല. പള്ളിയില്‍ ലഭിക്കുന്ന വരുമാനത്തിന്റെ 10 ശതമാനം ആതുരസേവനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്‌. പള്ളിയിലെ നേര്‍ച്ചപ്പണം പോലും പലപ്പോഴും ആശുപത്രി ചെലവുകള്‍ക്കായും വികസനപ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കുന്നുണ്ട്‌. കേവലം 20 രൂപ കണ്‍സള്‍ട്ടിംഗ്‌ ഫീസ്‌ വാങ്ങി ഇവിടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെ വരെ ചികിത്സ ലഭ്യമാക്കുന്നുണ്ട്‌. സര്‍ക്കാര്‍ മിനിമം വേതനം 8500 രൂപയായി നിശ്‌ചയിച്ചിട്ടുള്ളപ്പോള്‍ മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ നാലുവര്‍ഷമായി ജോലി ചെയ്യുന്ന ചില നഴ്‌സുമാര്‍ക്ക്‌ 2500 രൂപ ശമ്പളം ഇവിടെ നല്‍കുന്നു എന്ന ആരോപണം വാസ്‌തവവിരുദ്ധമാണ്‌. 2008 ബാച്ച്‌ മുതലാണു സര്‍ക്കാര്‍ ബോണ്ട്‌ സമ്പ്രദായം നിര്‍ത്തലാക്കിയത്‌. 2007 ജി.എന്‍.എം. ബാച്ചിന്റെ ബോണ്ട്‌ ഉള്‍പ്പെടെയുള്ള പഠന കാലാവധി 2012 മേയ്‌ വരെയായിരുന്നു. ബി.എസ്‌്സി. നഴ്‌സിംഗ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്‌ എന്നത്‌ സര്‍ക്കാര്‍ ആറുമാസമായി ചുരുക്കിയിരുന്നു. അത്‌ 2011 നവംബര്‍ മാസത്തില്‍ അവസാനിച്ചിരുന്നതും എന്നാല്‍ 50 വിദ്യാര്‍ഥികളുള്ള ഈ ബാച്ചിലെ 36 കുട്ടികള്‍ സ്വന്തം താത്‌പര്യപ്രകാരം ആറുമാസം കൂടി ട്രെയ്‌നിംഗിന്‌ അവരെ അനുവദിക്കണമെന്ന്‌ അപേക്ഷിച്ചിരുന്നു. അതുപ്രകാരം ആറുമാസത്തെ ട്രെയ്‌നിംഗ്‌ കൂടി മാനേജ്‌മെന്റ്‌ അവര്‍ക്ക്‌ അനുവദിച്ചു. ഈ രണ്ട്‌ ബാച്ചിന്റേയും കാലാവധി 2012 മേയില്‍ അവസാനിക്കുമായിരുന്നു. അവര്‍ക്ക്‌ ഈ കാലയളവില്‍ കൊടുത്ത സ്‌റ്റൈപ്പന്റ്‌ (അത്‌ മിനിമം വേതനത്തേക്കാള്‍ 1,500 രൂപ കുറവാണ്‌) ആണ്‌ അവര്‍ വേതനമായി ചിത്രീകരിച്ച്‌ അനുകമ്പ പിടിച്ചെടുക്കാന്‍ ശ്രമിച്ചത്‌. വിദ്യാഭ്യാസ വായ്‌പ തിരിച്ചടവിനായി സ്‌റ്റൈപ്പന്റിനെ ആശ്രയിക്കേണ്ടി വന്നാല്‍ അത്‌ മാനേജ്‌മെന്റിന്റെ കുഴപ്പം കൊണ്ടാണെന്നു ചിത്രീകരിക്കുവാന്‍ സാധിക്കുമോ?

ഈ പ്രശ്‌നത്തില്‍ നിഷ്‌പക്ഷമായി ഇടപെട്ട ഏതെങ്കിലും വ്യക്‌തിയോ സര്‍ക്കാരോ മാനേജ്‌മെന്റിന്റെ നിലപാട്‌ തെറ്റാണെന്നു പറഞ്ഞിട്ടില്ല. സമരക്കാര്‍ ഉന്നയിച്ചിരുന്ന 'ബോണ്ട്‌ വിദ്യാര്‍ഥികളെ സ്‌ഥിരപ്പെടുത്തണം' എന്ന ആവശ്യം ഒഴിച്ച്‌ ഒന്നുപോലും മാനേജ്‌മെന്റിന്‌ തര്‍ക്കമില്ലാത്തതാണ്‌. സേവന വേതന കാര്യങ്ങളില്‍ മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്യും എന്ന ഒരു ഉറപ്പു മാത്രമാണ്‌ സമരം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ സമരക്കാര്‍ക്ക്‌ നല്‍കിയത്‌. അതുവരെ തല്‍സ്‌ഥിതി (Status quo) തുടരാനും മാനേജുമെന്റിനോട്‌ നിര്‍ദേശിച്ചു. ഇതിന്‌ ഞങ്ങള്‍ 115 ദിവസത്തിനു മുമ്പേ തയാറായിരുന്നു എന്ന കാര്യവും കൂടി ഓര്‍ക്കുമ്പോഴാണ്‌ ഈ സമരം ആര്‌ ആര്‍ക്കുവേണ്ടി നടത്തി എന്നത്‌ ഒരു ചോദ്യചിഹ്‌്നമായി അവശേഷിക്കുന്നത്‌. 19.08.12-ല്‍ തൊഴില്‍, ആരോഗ്യ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലും സമരക്കാരെ സ്‌ഥിരപ്പെടുത്താനല്ല മറിച്ച്‌ അവര്‍ ഉന്നയിക്കുന്നതുപോലെ അവരെക്കൂടി ഉള്‍ക്കൊള്ളേണ്ട ഒരു സാഹചര്യം നിലവില്‍ ആശുപത്രിക്കുണ്ടോ എന്നു പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയാണുണ്ടായത്‌. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ വന്നിട്ടു മാത്രം ഈ സമരക്കാരെ സ്‌ഥിരപ്പെടുത്തണോ വേണ്ടയോ എന്നു സര്‍ക്കാര്‍ നിര്‍ദേശിക്കൂ. ഈ സമരം മൂലം സംഘടനയ്‌ക്കും ചില നേതാക്കന്മാര്‍ക്കും പേരെടുക്കാനും നല്ല രീതിയില്‍ കഴിഞ്ഞ 36 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു ആതുരാലയത്തിനു സമൂഹത്തില്‍ പീഡകരുടെ വേഷം ചാര്‍ത്തിക്കൊടുക്കാനല്ലാതെ ആത്യന്തികമായിട്ട്‌ നഴ്‌സുമാര്‍ക്ക്‌ ഒരു പ്രയോജനവും ലഭിച്ചില്ലെന്നതാണു യാഥാര്‍ഥ്യം.

എല്ലാ ആശുപത്രികളും മറ്റു സ്‌ഥാപനങ്ങളും സര്‍ക്കാര്‍ അനുശാസിക്കുന്ന മിനിമം വേതനവും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കുവാന്‍ തയാറാകുക, നഴ്‌സിംഗ്‌ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പഠിച്ച്‌ മാന്യമായ ഒരു വേതന നിരക്ക്‌ സര്‍ക്കാര്‍ നിശ്‌ചയിക്കുക, സ്വകാര്യ മേഖലയിലെ നിര്‍ബന്ധിത ബോണ്ട്‌/ഇന്റേണ്‍ഷിപ്പ്‌ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ (ഗവ. നഴ്‌സിംഗ്‌ കോളജുകളിലും നഴ്‌സിംഗ്‌ സ്‌കൂളുകളിലും ഇപ്പോഴും ഒരുവര്‍ഷത്തെ നിര്‍ബന്ധിത സേവനം ഉണ്ടെന്നിരിക്കെ) പരിശീലനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ മാന്യമായ സ്‌റ്റൈപ്പന്‍ഡോടെ ഒരു വര്‍ഷത്തെ പരിശീലനം നേടുവാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കുക എന്നീ നിര്‍ദേശങ്ങള്‍ കൂടി മുന്നോട്ടു വയ്‌ക്കുന്നു.

അഡ്വ. ഷിബു കുര്യാക്കോസ്‌

മാര്‍ ബസേലിയോസ്‌ ഹോസ്‌പിറ്റല്‍ സെക്രട്ടറിയാണു ലേഖകന്
മംഗളം പ്രസധീകരിച്ചത് 

മാര്‍ട്ടിനിയ്ക്ക് വിട!

ഈയിടെ എണ്‍പത്തിയഞ്ചാം വയസ്സില്‍ അന്തരിച്ച മിലാനിലെ മുന്‍ കര്‍ദ്ദിനാള്‍ മാര്‍ട്ടിനി മരിക്കുന്നതിനു മുമ്പ് നല്‍കിയ അഭിമുഖത്തില്‍ കത്തോലിക്കാ സഭാധികൃതരെ അസ്വസ്തരാക്കുന്ന പല കാര്യങ്ങളും പറഞ്ഞത് വലിയ വാര്‍ത്തയായി.

ഇതിനെക്കുറിച്ച്‌ The Independent-ല്‍ വന്ന വിശദമായ റിപ്പോര്‍ട്ട്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Monday, September 3, 2012

ജറുസലേമും, സാന്‍ ഫ്രാന്സിസ്കോയും പിന്നെ കോത്താഴവും – ജോയ്പ്പാന്‍


ഒരുവന്‍ ജറുസലേമില്‍നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട്മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍,ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട്മനസ്‌സലിഞ്ഞ്,അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. അടുത്ത ദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടുദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.

കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്?

വിശുദ്ധ ബൈബിളിലെ നല്ല സമരിയാക്കാരന്റെ ഉപമ.

Bishop Salvatore Cordileone
(Picture Courtesy: Daily Mail)
കഴിഞ്ഞ ദിവസം അമേരിക്കയില്‍ അരങ്ങേറിയത് മറ്റൊരു സംഭവമായിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് പോലീസ് പിടിച്ചത് സാന്‍ ഫ്രാന്‍സിസ്കോയില്‍ മേത്രാപോലീത്ത ആയി സ്ഥാനമേല്‍ക്കാനിരിക്കുന്ന Bishop Salvatore Cordileone!

തന്റെ തെറ്റ് മനസ്സിലാക്കിയ ആ ശ്രേഷ്ടനായ തിരുമേനി സ്വന്തം കുറ്റമേറ്റു പറഞ്ഞ് മാപ്പപേക്ഷിച്ചു. ഈ പദവി അലങ്കരിക്കുന്ന ഞാന്‍ ഒരു കാരണവശാലും മദ്യപിച്ചു വാഹനമോടിക്കാന്‍ പാടില്ലായിരുന്നു എന്ന് ഏറ്റുപറഞ്ഞ അദ്ദേഹം ദൈവത്തിന്റെ യഥാര്‍ത്ഥ പ്രതിപുരുഷന്‍ തന്നെ. അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കാനോ, അദ്ദേഹത്തെ സോക്സ് അണിയിക്കുവാനോ  യോഗ്യതയുള്ള എത്രപേരുണ്ട് നമ്മുടെ അരമനകളില്‍?

തെറ്റ് ചെയ്യാത്തവന്‍ ആരാണ്... അത് മനസ്സിലാക്കി തിരുത്തുക... തന്റെ കുറ്റം സമ്മതിക്കുക.... യേശുക്രിസ്തു സുഖപെടുത്തിയതും പാപികളെത്തന്നെയാണല്ലോ.


ഇത് അമേരിക്കയില്‍ നടന്ന സംഭവമാണെങ്കില്‍ കേരളത്തിലെ പല ശ്രേഷ്ഠന്മാരും ചെയ്യുന്നതോ? കയ്യുംകാലുമുള്ള അഹങ്കാരത്തിനെ ഒരു ളോഹയുമിടീച്ചു അരയില്‍ ഒരു പട്ടയും കെട്ടി, കയില്‍ ഒരു വടീം കൊടുത്ത് മുന്തിയയിനം കാറുകളുടെ പിന്‍സീറ്റില്‍ മലര്‍ന്നു കിടന്നു ലോകം ചുറ്റുന്ന ഈ കൂട്ടര്‍ കാട്ടികൂട്ടുന്ന ലീലാവിലാസങ്ങള്‍ കേട്ടാല്‍ സത്യത്തില്‍ അറപ്പുളവാകും.

ഈയടുത്ത നാളില്‍ കോത്താഴം അരമനയിലെ തിരുമേനിയുടെ ഡ്രൈവര്‍ മദ്യപിചാണോ വാഹനമോടിച്ചതെന്ന സംശയത്താല്‍ ഊതിപ്പിച്ചതിനു ബലിയാടാകേണ്ടിവന്ന ഒരു സാധു പോലീസുകാരന്റെ കാര്യം ആരെയും ദുഖത്തിലാഴ്ത്തുന്നതാണ്.

സര്‍ക്കാരിലെ ഏറ്റവും ഉന്നതര്‍ നേരിട്ടിടപെട്ടാണ് പാവം ആ പോലീസുകാരനെ കേരളാതിര്ത്തിയിലെ നത്തുപാറയിലേയ്ക്ക് സ്ഥലം മാറ്റിയത്.... അത് ഭരിക്കുന്നവന്റെ കസേര തെറിക്കാതിരിക്കാന്‍.... നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് മനസ്സിലായോ?

ലിവര്പൂളില്‍ ലിമയുടെ പരിപാടിയില്‍ (അതോ ലിംകയുടെയോ?) പരിപാടിയില്‍ പാര ബോംബ് വച്ച സുഹൃത്തേ... നിന്നെ സാഷ്ടാംഗം നമിക്കുന്നു. നിന്റെ ഭാവി പ്രവചനാതീതമായ നിലയില്‍ ശോഭനമാണ്.

മാഞ്ചെസ്ടരിലെ സംവരണ തസ്തികയില്‍ തിരഞ്ഞെടുക്കപ്പെട്ട വീറും വാശിയുമുള്ള ചേച്ചീ..... എന്തായാലും ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാന്‍ കഴിയില്ല... ഇനി ശോഭിക്കണമെങ്കില്‍ ഇതാ പുതിയ ഒരു വഴി. ജനത്തെ സേവിക്കണമെന്ന ഉറച്ച തീരുമാനവുമായി ഇറങ്ങ്ത്തിരിച്ചിരിക്കുന്ന നിങ്ങളെ യാക്കോബായ സഭ മാടി വിളിക്കുന്നു..... അതും കന്യാസ്ത്രീയായ്‌..

ഈശ്വരാ... ഇനി എല്ലാം നോക്കിയിരുന്നു കാണാം....


ജോയ്പ്പാന്‍ 

കാരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് നിയന്ത്രണം

അത്ഭുത രോഗശാന്തിയോട് സഭാനേതൃത്വത്തിന് സംശയം; കാരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും

രണ്ടു പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ കത്തോലിക്ക വിശ്വാസികളെ ഏറെ സ്വാധീനിക്കുന്ന കരിസ്മാറ്റിക് നവീകരണ ധ്യാനത്തിനു സഭാ നേതൃത്വം നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. അത്ഭുത രോഗ ശാന്തിയും സാക്ഷ്യം പറച്ചിലും പലതും വ്യാജമാണെന്നും അതു യഥാര്‍ത്ഥ വിശ്വാസത്തെ ഇല്ലാതാക്കുന്നുവെന്നും സഭാ നേതൃത്വം തിരിച്ചറിഞ്ഞതായാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന മെത്രാന്മാരുടെ സിനഡില്‍ ഈ വിഷയം ചൂടുള്ള ചര്‍ച്ചയ്ക്ക് കാരണമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കരിസ്മാറ്റിക് ധ്യാനങ്ങളും സാക്ഷ്യം പറച്ചിലും അത്ഭുത രോഗശാന്തിയും ഇന്ന് കേരളത്തില്‍ എങ്ങും വ്യാപകമാണ്. നിരവധി സഭാ വിശ്വാസികളാണ് കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പങ്കുകൊള്ളുന്നത്. എന്നാല്‍ ഇതു വ്യാജമാണോ എന്ന സംശയം സഭാ നേതൃത്വത്തില്‍ മുറുകിയിരിക്കുകയാണ്. ഇത് വിശ്വാസികള്‍ക്കിടയില്‍ അബദ്ധ വിശ്വാസങ്ങള്‍ പ്രചരിക്കുന്നതിനു കാരണമാകുന്നു എന്നാണ് ആരോപണം. കരിസ്മാറ്റിക് ധ്യാനം വിശ്വാസ ജീവിതത്തിന് ഉണര്‍വ്വുണ്ടാക്കാന്‍ സഹായകമായെങ്കിലും അബദ്ധ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നതു തടയുന്നതിനു മാര്‍ഗ്ഗം കൈക്കൊള്ളണമെന്നാണ് സഭാ സിനഡ് നിര്‍ദേശം. അതുകൊണ്ട് തന്നെ കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് ഉടന്‍ നിയന്ത്രണം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ ഇതേ കുറിച്ച് ചര്‍ച്ച ചെയ്തു നടപടി എടുക്കാന്‍ സിറോ മലബാര്‍ രൂപതകളിലെ ധ്യാനകേന്ദ്രങ്ങളുടെ മേലധികാരികളുടെയും ഡയറക്ടര്‍മാരുടെയും യോഗം ഉടന്‍ ചേരും. ഓഗസ്റ്റ് 20 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നുവന്ന സിനഡ് ശനിയാഴ്ചയാണ് സമാപിച്ചത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡില്‍ 42 മെത്രാന്മാര്‍ പങ്കെടുത്തു.

സഭയെയും സമൂഹത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്തു. സമ്മേളനത്തില്‍ പ്രവാസികളായ സഭാഗംങ്ങള്‍ക്ക് അജപാലന ശുശ്രൂഷ നല്‍കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനെപ്പറ്റി ആലോചനകളും നടന്നു. ഇതിനകം പല വിദേശ രാജ്യങ്ങളിലും സീറോ മലബാര്‍ വൈദികരുടെ ശുശ്രൂഷ കുറച്ചെങ്കിലും ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ സിനഡ് സംതൃപ്തി പ്രകടിപ്പിച്ചു. അല്മായ കമ്മീഷന്‍ നിര്‍വഹിക്കുന്ന സേവനം വ്യാപിപ്പിക്കാനും എല്ലാ രൂപതകളിലും അല്മായ കമ്മീഷന്റെ ഓഫീസ് തുടങ്ങാനും സിനഡില്‍ തീരുമാനമായി.

അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എകെസിസി) ശാഖകള്‍ കഴിയുന്നിടത്തോളം ഇടവകകളില്‍ സ്ഥാപിക്കാനും യുവജനങ്ങള്‍ക്കു സഭാത്മകമായ പരിശീലനം നല്കാനും സിനഡ് തീരുമാനിക്കുകയും അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ പരിഷ്‌കരിച്ച നിയമാവലിക്കു താല്‍കാലിക അംഗീകാരം നല്‍കുകയും ചെയ്തു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നതും മൂല്യാധിഷ്ഠിതവും നീതി പുലര്‍ത്തുന്നവയും ആയിരിക്കണമെന്നു സിനഡ് നിര്‍ദേശിച്ചു.

വത്തിക്കാനിലെ കുശിനിക്കാര്‍

പോളണ്ടുകാരനായ കാരോള്‍ വോയ്റ്റീല എന്ന കര്‍ദിനാള്‍, ജോണ്‍പോള്‍ രണ്ടാമന്‍ എന്ന പേരില്‍ ലോക കത്തോലിക്കാ സഭയുടെ പരമാധികാരിയായ മാര്‍പാപ്പയായി 1978 ഒക്ടോബര്‍ 16ന് ചുമതല ഏറ്റെടുത്തപ്പോഴേ തുടങ്ങിയതായിരുന്നു, ഇറ്റാലിയന്‍ വൈദികസംഘത്തിന്‍െറ കാത്തിരിപ്പ്- പരിശുദ്ധ പിതാവാകാനായുള്ള കാത്തിരിപ്പ്. എന്നാല്‍, പരിശുദ്ധ പിതാവ് കാലംചെയ്യുന്നതുവരെ കാത്തിരിക്കുകയേ തരമുണ്ടായിരുന്നുള്ളൂ. അതിനിടയില്‍ ജോണ്‍പോള്‍ രണ്ടാമനെ ‘കൊച്ചാക്കി’ക്കാണിക്കാനുള്ള ‘നടപടി’ക്രമങ്ങളൊക്കെ ആരംഭിച്ചിരുന്നുവെങ്കിലും കമ്യൂണിസ്റ്റ് ഇരുമ്പുമറ കടന്നെത്തിയ ‘പോപ്പി’നോട് പിടിച്ചുനില്‍ക്കാന്‍ ഇറ്റാലിയന്‍ സംഘത്തിന് കഴിഞ്ഞില്ലെന്നുമാത്രമല്ല, 26 വര്‍ഷവും അഞ്ചു മാസവും ക്രിസ്തീയ സഭക്ക്, പ്രത്യേകിച്ച് കത്തോലിക്കാ മതവിഭാഗത്തിന് അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ശേഷമായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍ കാലംചെയ്തത്. അതിനിടയില്‍ ഒരു തുര്‍ക്കിക്കാരന്‍െറ വെടിയുണ്ടക്കിരയായി മരണത്തെ മുഖാമുഖം കണ്ട്, അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയശേഷം, തനിക്കു നേരെ വെടി ഉതിര്‍ത്തയാളെ ജയിലില്‍ സന്ദര്‍ശിച്ച് മാപ്പ് നല്‍കാനായിരുന്നു കാരോള്‍ വോയ്റ്റീല എന്ന മനുഷ്യസ്നേഹി തുനിഞ്ഞത്. അതോടെ, മാര്‍പാപ്പയുടെ ദയാവായ്പും ഹൃദയവിശാലതയും സമാനതകളില്ലാത്ത മനുഷ്യസ്നേഹമായി ലോകം പുകഴ്ത്തി.

2005 ഏപ്രിലില്‍ ജോണ്‍പോള്‍ രണ്ടാമന്‍ കാലംചെയ്തപ്പോള്‍, പോപ്പ് ആയി തെരഞ്ഞെടുക്കപ്പെടുന്നത് ഇറ്റാലിയന്‍ വംശജന്‍ ആയിരിക്കുമെന്നവര്‍ കരുതി. മൂന്ന് പരിശുദ്ധ പിതാക്കന്മാര്‍ അതിനായി രംഗത്ത് അണിനിരക്കുകയും ചെയ്തു. എന്നാല്‍, 2005 ഏപ്രില്‍ 18, 19 തീയതികളിലെ കോണ്‍ക്ളേവുകള്‍ക്കുശേഷം വെളുത്ത പുക കണ്ടപ്പോള്‍ പുതിയ പിതാവായി അവരോധിക്കപ്പെട്ടത് ആരുടെയും കണക്കില്‍പെടാതിരുന്ന ഒരു ജര്‍മന്‍കാരനായിരുന്നു. വെള്ളരിപ്രാവിന്‍െറ ചിറകുകളെ അനുസ്മരിപ്പിക്കുന്ന തലമുടിയുള്ള സുന്ദരനായ ഒരു വയോധികന്‍. പേര് ജോസഫ് അലോഷ്യസ് റാറ്റ് സിങ്ങര്‍. മഹാപണ്ഡിതന്‍, മനുഷ്യസ്നേഹി, മിതഭാഷി, കുശാഗ്ര ബുദ്ധി, വിഖ്യാതനായ അധ്യാപകന്‍, ബഹുഭാഷാ പണ്ഡിതന്‍, ആരെയും വശീകരിക്കുന്ന വ്യക്തിത്വം. ഏപ്രില്‍ 19ന് ബെനഡിക്ട് 16ാമനെന്ന നാമധേയത്തില്‍ റാറ്റ് സിങ്ങര്‍ അധികാരമേറ്റെടുത്തതോടെ വീണ്ടും ഇറ്റാലിയന്‍ സംഘം രംഗത്തെത്തി. പരിശുദ്ധ പിതാവിനെതിരെ ആദ്യവെടി പൊട്ടിച്ചു: ‘ഹിറ്റ്ലറുടെ അനുയായിയായിരുന്നു ബാലനായ റാറ്റ് സിങ്ങര്‍.’ ഇതൊക്കെ, കത്തോലിക്കാ മതവിഭാഗത്തിന്‍െറ ശത്രുക്കളാണ് പ്രചരിപ്പിച്ചിരുന്നതെന്ന് ഏതാനും മാസം മുമ്പുവരെ ലോകം വിശ്വസിച്ചിരുന്നു. 2012 ഏപ്രിലിലായിരുന്നു ‘വാട്ടര്‍ഗേറ്റിനെ വെല്ലുന്ന ഒരു ചാരക്കഥ’ ലോകമറിയുന്നത്- ഇറ്റാലിയന്‍ വൈദിക സംഘത്തിനുവേണ്ടി മാര്‍പാപ്പയുടെ മുഖ്യ കുശിനിക്കാരന്‍തന്നെയായിരുന്നു വര്‍ഷങ്ങളായി ചാരപ്പണി നടത്തിയിരുന്നതെന്ന്.......................................



മാധ്യമം ദിനപത്രത്തില്‍ പ്രസധീകരിച്ചു വന്ന ഈ ലേഖനം തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, September 2, 2012

കത്തോലിക്കാ സഭ 200 വര്ഷം പിറകിലെന്ന് കര്ദിനാള്‍ മാര്ട്ടിനി

റോം: കത്തോലിക്കാ സഭ കാലത്തിനും 200 വര്‍ഷം പിറകിലാണ് സഞ്ചരിക്കുന്നതെന്ന് ഇറ്റലിയിലെ പ്രമുഖ പുരോഹിതന്‍ കര്‍ദിനാള്‍ കാര്‍ലോ മരിയ മാര്‍ട്ടിനി അഭിപ്രായപ്പെട്ടു. കര്‍ദിനാള്‍ കാലം ചെയ്തതിനു തൊട്ടുപിറകെ പ്രസിദ്ധീകരിച്ച അഭിമുഖത്തിലൂടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്.

നേരത്തേ ഭാവി മാര്‍പാപ്പയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന മാര്‍ട്ടിനി (85) വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ഇറ്റാലിയന്‍ ദിനപ്പത്രമായ കൊറിയെറെ ഡെല്ലാ സെറ കഴിഞ്ഞ മാസം നടത്തിയ അഭിമുഖം ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

കത്തോലിക്കര്‍ക്ക് പള്ളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവരികയാണ്. നമ്മുടെ സംസ്‌കാരത്തിന് പ്രായമായി. സഭ വലുതായെങ്കിലും അതിന്റെ ഉള്ളു പൊള്ളയാണ്. നമ്മുടെ ആചാരനുഷ്ഠാനങ്ങളെല്ലാം കേവലം പുറംപൂച്ചുമാത്രമായിരിക്കുകയാണ്. കാലത്തിനനുസരിച്ചു മാറാന്‍ സഭാ നേതൃത്വം തയ്യാറാവണം- അഭിമുഖത്തില്‍ മാര്‍ട്ടിനി തുറന്നടിച്ചു.

വിവാഹ മോചനം നേടിയവരോടുള്ള നിലപാട് ഉദാരമാക്കണമെന്നാവശ്യപ്പെട്ട മാര്‍ട്ടിനി പരിവര്‍ത്തനത്തിന്റെ നീണ്ട പാത സഭയെ കാത്തിരിക്കുന്നുണ്ടെന്നാണ് കുട്ടികള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു. പുരോഗമനവാദിയും ജസ്യൂട്ട് സഭാംഗവുമായ അദ്ദേഹം ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി വത്തിക്കാനിലെത്തുമെന്ന് കരുതിയവര്‍ ഏറെയുണ്ടായിരുന്നു. ജനന നിയന്ത്രണം, സ്ത്രീകളുടെ പൗരോഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ സഭ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ക്കു തയ്യാറാവണമെന്ന് അദ്ദേഹം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. മരണം അടുത്തെത്തിയെന്നറിഞ്ഞ് കഴിഞ്ഞ മാസം അനുവദിച്ച അവസാന അഭിമുഖത്തിലാണദ്ദേഹം കൂടുതല്‍ വിമര്‍ശനങ്ങള്‍ നടത്തിയത്. ഒരു പുരോഹിതനും ഒരു പത്രപ്രവര്‍ത്തകനും ചേര്‍ന്നാണ് അഭിമുഖം നടത്തിയത്.

മുള്ളിന്‍തടങ്ങള്‍ ചവുട്ടി കടക്കുന്നവര്‍


രാജപുരത്ത് ഹൈസ്‌ക്കൂള്‍ തുടങ്ങിയതിനെക്കുറിച്ച് എം.റ്റി. ചാക്കോ പാലയ്ക്കാടതത്തില്‍ (മുന്‍ അദ്ധ്യാപകന്‍) എഴുതിയ ഒരു ലേഖനത്തില്‍ ഫാ. പീറ്റര്‍ ഊരാളില്‍ എന്ന വൈദികനെക്കുറിച്ച് ഇങ്ങനെ കാണാം.

രാജപുരം ഹൈസ്കൂള്‍ 
''അന്ന് ബഹു. പി.പി. ഉമ്മര്‍കോയ വിദ്യാഭ്യാസമന്ത്രിയും, ബഹു. കെ. ചന്ദ്രശേഖരന്‍ ഹോസ്ദുര്‍ഗ്ഗ് എം.എല്‍.എ.യും, റവന്യൂമന്ത്രിയും ആയിരുന്നു. ഭരണരംഗത്തും പൊതുപ്രവര്‍ത്തകരുടെ ഇടയിലും നല്ല മതിപ്പുണ്ടായിരുന്ന എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ നാടിന്റെ വക്താവും. അനായാസം സ്‌കൂളിനുള്ള അനുവാദം ലഭിച്ചു. ഫാ. പീറ്റര്‍ ഊരാളില്‍ ഹൈസ്‌ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ ആയി ചാര്‍ജെടുത്തു. ഇല്ലാത്ത സ്‌കൂളിന്റെ ഇല്ലായ്മയില്‍നിന്ന് ഉണ്ടാക്കുന്ന അത്ഭുതവിദ്യ ഇവിടെ നടക്കണം. അതുല്യനായ സംഘാടകന്‍,വാക്കുകളില്‍ മാന്തികത്വം ചാലിച്ചുചേര്‍ത്ത വാഗ്മി, ആരെയും ആകര്‍ഷിക്കുന്ന നര്‍മ്മബോധം, കൃത്യമായ കണക്കുകൂട്ടല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ വ്യക്തിത്വസവിശേഷതകള്‍ ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളിലും ചലനങ്ങള്‍ സൃഷ്ടിച്ചു.... ഒരു ഇരുനില കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറായി. അത് പണിതീര്‍ക്കാനുള്ള പ്ലാന്‍ അദ്ദേഹത്തിന്റെ ബുദ്ധിശാലിയിലും...

അന്നത്തെ സാഹചര്യത്തില്‍ സാധാരണക്കാരന് ഭാവനയില്‍പ്പോലും കാണാനാവാത്ത ഒരു കൂറ്റന്‍ കെട്ടിടം ഈ ദരിദ്രനാരായണന്മാരുടെ നാട്ടില്‍ എങ്ങനെ പണിതുയര്‍ത്തുമെന്ന സംശയം എല്ലാവര്‍ക്കുമുണ്ടായി. സ്‌കൂള്‍ നിര്‍മ്മാണത്തെ സംബന്ധിച്ച് ആദ്യം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: 'ഇല്ലാത്ത പണം സംഭാവന തരണമെന്ന് ഞാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയില്ല. ഈ നല്ല ഉദ്യമത്തിന് കഴിവുള്ളവര്‍ കൊടുത്തുകൊള്ളും. നിങ്ങളെക്കൊണ്ട് കഴിയുന്ന കാര്യങ്ങളില്‍ എന്നോട് സഹകരിക്കുക. പണത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. അതെന്റെ കീശയിലുണ്ട്.'

ആ പണം കീശയിലല്ല അദ്ദേഹത്തിന്റെ നാവീന്‍ തുമ്പിലാണ് ഉണ്ടായിരുന്നതെന്ന് ജനം പിന്നീടാണറിഞ്ഞത്.''

നേതൃത്വഗുണം എന്ന കഴിവുകൊണ്ട് എന്തെല്ലാം സാധിക്കാം എന്നതിന്റെ ഒന്നാന്തരമൊരുദാഹരണമാണ് ഇതില്‍നിന്ന് നമുക്ക് ലഭിക്കുന്നത്.
1964-ല്‍ അന്ന് അവികിസിതമായിരുന്ന ഉഴവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു കോളേജ് അനുവദിക്കപ്പെട്ടപ്പോള്‍ ഇടവകക്കാരില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു-


''നമുക്ക് ഇത് താങ്ങാനാവുമോ?''

അന്നത്തെ വികാരിയച്ചനും, ചാഴികാട്ട് ജോസഫ് സാറും മറ്റു നേതാക്കളും അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുത്തു. കോളേജ് യാഥാര്‍ത്ഥ്യമായി. അതുകൊണ്ട് ഉഴവൂര്‍ ഗ്രാമവാസികള്‍ക്കു ക്‌നാനായസമുദായത്തിനും ഉണ്ടായ പ്രയോജനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ആരോടും ഒന്നും പറയേണ്ട കാര്യമില്ല.
ഒരു സമുദായം എന്ന നിലയില്‍ ഇന്നത്തെ നമ്മുടെ വലിയ പ്രശ്‌നം. ദീര്‍ഘവീക്ഷണവും വലിയ സ്വപ്നങ്ങളുമുള്ള നേതൃത്വം ഇല്ലെന്നതാണ്.
ശുഭാപ്തിവിശ്വാസം ഉള്ളൊരാള്‍ക്ക് എല്ലാം സാധ്യമാണ്; അതില്ലാത്തവര്‍ എന്തിന്റെ മുമ്പിലും പകച്ചു നില്‍ക്കും.

തെള്ളകത്ത് ഒരു ആശുപത്രി എന്ന ആശയം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായപ്പോഴും ദോഷൈകദൃക്കുകള്‍ വിമര്‍ശനശരങ്ങളുമായി രംഗത്തുണ്ടായിരുന്നു.

കാരിത്താസാതുരശാല തുടങ്ങവേ
കാര്യക്കാര്യം പല മാന്യര്‍ ചൊല്ലി
ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളേജേറ്റം
കീര്‍ത്തിതമായി തുടങ്ങുന്നു.

അപ്പോള്‍ കാരിത്താസിന് കീര്‍ത്തി നിലച്ചീടും
കോട്ടയം മെത്രാന്റെ യത്‌നം തോല്‍ക്കും
സര്‍ക്കാരിന് കാര്യം മുറപോല്‍ നടത്തീടും
വ്യക്തികള്‍ യത്‌നിച്ചാലോതീടുമോ

മുള്ളിന്‍ തടങ്ങള്‍ തടങ്ങള്‍ ചവുട്ടി കടന്നെന്നും
മുന്നേറാന്‍ പാടവമുള്ള മെത്രാന്‍
ചിന്മായനേശുവിന്‍ ദിവ്യഹൃദയത്തില്‍
എല്ലാമര്‍പ്പിച്ചു തുടര്‍ന്നു യത്‌നം

(സിസ്റ്റര്‍ റോസാലിയ രചിച്ച ''ഗാനാര്‍ച്ചന''യില്‍ നിന്ന്)

കാരിത്താസ് ആശുപത്രിക്ക് മെഡിക്കല്‍ കോളേജ് ആകാനുള്ള അനുമതി മന്ത്രിസഭായോഗം നല്‍കി എന്ന വാര്‍ത്ത മലയാള മനോരമയില്‍ വന്നതിനെത്തുടര്‍ന്ന് പല ക്‌നാനായ സമുദായാംഗങ്ങളുമായും നേതാക്കന്മാരുമായി ബന്ധപ്പെട്ടു. അവരുടെയെല്ലാവരുടെയും ആഹ്ലാദം അവര്‍ണ്ണനീയമായിരുന്നു. അതിനു പിറകെ അതിരൂപതാധികൃതര്‍ അതു വേണ്ടെന്നു വച്ചു എന്ന വാര്‍ത്ത വളരെ ദുഃഖത്തോടെയാണ് അവരെല്ലാവരും സ്വീകരിച്ചത്.

ഇതിനെക്കുറിച്ച് നമ്മുടെ മുഖപത്രമായ അപ്നാദേശ് ഇത് കുറിക്കുന്നത് വരെ നിശബ്ദത പാലിക്കുകയാണ്. പാസ്റ്ററല്‍ കൗണ്‍സില്‍ മെഡിക്കല്‍ കോളേജ് വേണ്ടെന്നു വച്ചു എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഒരു പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ വളരെ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞുകേട്ടു.

മെഡിക്കല്‍ കോളേജ് വേണ്ട എന്ന വയ്ക്കുന്നതിന്റെ മുഖ്യകാരണമായി പറയുന്നത് അതിരൂപതയ്ക്ക് അതിനുള്ള സാമ്പത്തികശേഷി ഇല്ല എന്നതാണ്. ( ക്രിസ്തീയ മൂല്യങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തരത്തില്‍ ഒരു സ്ഥാപനം നടത്തികൊണ്ട് പോവുക ബുദ്ധിമുട്ടാണ് എന്നും പറയപ്പെടുന്നു. ഇന്നത്തെ കേരള കത്തോലിക്കാസഭയുടെ പ്രവര്‍ത്തനശൈലി അറിയാവുന്നവര്‍ക്ക് അതൊരു തമാശയായേ കാണാന്‍ കഴിയൂ. )
കേരളത്തിലെ മറ്റു കത്തോലിക്കാ രൂപതകളുമായി താരതമ്യം ചെയ്താല്‍ നമ്മള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തില്‍ പിന്നോക്കാവസ്ഥയിലാണ്. ടെക്‌നിക്കല്‍ മേഖലയില്‍ നമുക്കുള്ളത് കടുത്തുരുത്തി ഐ.റ്റി.സി. മാത്രമാണ്. സമുദായം സാമ്പത്തികമായി കഷ്ടപ്പെട്ടിരുന്ന കാലത്ത് അതു വലിയ കാര്യമായിരുന്നു. എന്നാല്‍ ഇന്ന് എഞ്ചിനീയറിങ്ങിനും മെഡിസിനും വിട്ടു മക്കളെ പഠിപ്പിക്കാന്‍ ശേഷിയുള്ളവര്‍ നിരവധിയുണ്ടായിട്ടും അതിനുള്ള പഠനസൗകര്യം നമ്മള്‍ ഒരുക്കുന്നില്ല.

പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്താനുള്ള വിമുഖതയാണ് മുഖ്യപ്രശ്‌നം. ഉഴവൂര്‍ കോളേജ് ആരംഭിക്കുമ്പോള്‍ ആവശ്യങ്ങള്‍ പരിമിതമായിരുന്നു. അതിലുപരി, വരാന്‍ പോകുന്നത് നമ്മുടെ സ്വന്തം സ്ഥാപനമാണ് എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇന്ന് ആ ധാരണ വല്ലാതെ മാറിയിരിക്കുന്നു. അല്‍മായനു സഭാവകസ്ഥാപനങ്ങളുടെ നടത്തിപ്പില്‍ യാതൊരു പങ്കും ഇല്ല എന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലായിട്ടുണ്ട്.

അതുകൊണ്ട് തന്നെ, ഒരു മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ വേണ്ടി വരുന്ന ഭീമമായ തുക സമുദായാംഗങ്ങളില്‍ നിന്ന് സംഭാവനയായി ലഭിക്കുകയില്ല എന്ന് അതികൃതര്‍ക്ക് വ്യക്തമായറിയാം. ഇതിനു വേണ്ടി ഇരുനൂറോ ഇരുന്നൂറ്റിയമ്പതോ കോടി രൂപ നിക്ഷേപിക്കാനുള്ള സാമ്പത്തികശേഷി അരമനയ്ക്കുണ്ടെങ്കിലും അത്തരത്തിലുള്ള നിക്ഷേപം ഒരു കാലത്തും സഭയുടെ ശൈലി ആയിരുന്നിട്ടില്ല.

പാസ്റ്ററല്‍ കൗണ്‍സിലില്‍ നിര്‍ദ്ദേശിക്കപ്പെട്ടത് ഓഹരി അടിസ്ഥാനത്തില്‍ തുക സമാഹരിച്ചു മെഡിക്കല്‍ കോളേജ് തുടങ്ങുക എന്നതാണ്. അതിനോട് പൊരുത്തപ്പെടാന്‍ പലര്‍ക്കും സാധിക്കുന്നില്ല. അത്തരം ഒരു സംവിധാനത്തില്‍ നിക്ഷേപകര്‍ക്കും പല കാര്യങ്ങളിലും സ്വന്തമായ അഭിപ്രായം ഉണ്ടാകും. അവര് പറയുന്നതിനെ ഒരാള്‍ക്ക് താന്‍ വൈദികനാണ് എന്ന ഒറ്റക്കാരണം കൊണ്ട് തള്ളിക്കളയാന്‍ സാധിക്കുകയില്ല. മെഡിക്കല്‍ കോളേജ് സീറ്റുകളില്‍ ഏതാണ്ട് അമ്പത് ശതമാനത്തോളം മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ. തുടങ്ങിയ പേയ്‌മെന്റ് സീറ്റുകളാണ്. അതിന്റെ വീതവും ലഭിക്കാന്‍ നിക്ഷേപകര്‍ക്ക് അവകാശമുണ്ടാകും. ഇത്തരം ഒരു സംവിധാനം ഒരുക്കാമെങ്കില്‍ നിക്ഷേപകരെ കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ വേണ്ടി തല്ക്കാലത്തേയ്ക്ക് ഒരു അന്തിമതീരുമാനം മാറ്റിവയ്ക്കുക മാത്രമാണ് പാസ്റ്ററല്‍ കൗണ്‍സില്‍ ചെയ്തിരിക്കുന്നത്.

അന്തരിച്ച ഇ.ജെ. ലൂക്കോസ് സാര്‍ ഒരിക്കല്‍ ഈ ലേഖകനോട് പറയുകയുണ്ടായി:

''വിഷന്‍ ഇല്ലാത്ത നേതാക്കളാണ് സമുദായത്തിന്റെ ശാപം. ഒരു സ്‌കൂള്‍, ഏറിയാല്‍ ഒരു കോളേജ്, അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ നമ്മുടെ അത്മായ-സഭാനേതൃത്വത്തിനാകുന്നില്ല.''

ഈ പ്രതിസന്ധിയില്‍ അദ്ദേഹം പറഞ്ഞത് എത്രയോ ശരിയാണെന്ന് തോന്നിപ്പോവുകയാണ്. ഒരു മെഡിക്കല്‍ കോളേജ് ആകുമ്പോള്‍ ഒട്ടനവധി പ്രൊഫഷണല്‍സിന്റെ സേവനവും സഹായവും തേടേണ്ടി വരും. അവരുടെയടുത്തു തങ്ങളുടെ ധാര്‍ഷ്ട്യം വിലപ്പോകുമോ എന്ന ഭയാശങ്കകളാണ് മിക്ക വൈദികരെയും മെഡിക്കല്‍ കോളേജ് എന്ന ആശയത്തില്‍ നിന്ന് അകറ്റുന്നത്.

മഹാലക്ഷ്മിയെ പുറംകാലുകൊണ്ട് ചവുട്ടി പുറത്താക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കുകയില്ല.
അലക്സ്‌ കണിയാംപറമ്പില്‍

(2012 സെപ്റ്റംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചത്)

മലയാളിയും ആത്മീയ വ്യവസായവും

കേരളത്തിലെ വ്യവസായ സാദ്ധ്യതകള്‍ തിരിച്ചറിയുന്നതില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ക്രിസ്ത്യാനികള്‍ക്ക് കുറച്ചു കൂടി കഴിവും താല്‍പര്യവും ഉണ്ട്. ഭക്തി വ്യവസായത്തിലും അവര്‍ മുന്നിലാണ്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പുറംകരാര്‍ ജോലികളുടെ കാര്യത്തില്‍ കേരളം പുറകിലാണെങ്കിലും പ്രാര്‍ത്ഥനയുടെ പുറംകരാര്‍ പണിയില്‍ നമ്മള്‍ വളരെ മുന്നിലാണത്രെ. പ്രാര്‍ത്ഥനയുടെ സമയത്തിന്റെ 'വില' വര്‍ധിച്ചപ്പോള്‍, പ്രാര്‍ത്ഥനയുടെ ഇടനിലക്കാരന്‍പണി അത്ര ആകര്‍ഷകമല്ലതയായി. ഈ അവസരത്തിലാണ് പാശ്ചാത്യ മറ്റു രാജ്യക്കാരെ അന്വേഷിച്ചു തുടങ്ങിയത്.

ഈ അവസരം മലയാളി ശരിക്കും ഉപയോഗിച്ചു. അവിടെ പോയി ഇടനിലക്കാരന്‍പണി ചെയ്യുക, ഇവിടുത്തെ പ്രാര്‍ത്ഥനകള്‍ക്ക് അവിടെ പണം വാങ്ങുക, തുടങ്ങി ലാഭകരമായ ധാരാളം കരാര്‍അവസരങ്ങള്‍ കിട്ടിതുടങ്ങി.

ഈ അടുത്തകാലത്ത് ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയ ഒരു കുറിപ്പ് പ്രകാരം, ബിഷപ്പിനെ സ്വാധീനിച്ചു പുറത്തെ പള്ളിസര്‍വകലാശാലയില്‍ നിന്ന് ഒരു ഫെല്ലോഷിപ്പ് സംഘടിപ്പിച്ചു വിദേശത്ത് പോയി അവിടെ പ്രാര്‍ത്ഥന നടത്തി നല്ല വരുമാനം ഉണ്ടാക്കുന്ന 'അച്ചന്മാര്‍' ഉണ്ടത്രേ. ആരാണ് പറഞ്ഞത് മലയാളിക്ക് വ്യവസായം തുടങ്ങാനുള്ള കഴിവില്ല എന്ന്?

കന്യാസ്ത്രീ ആകാന്‍ പാശ്ചാത്യസ്ത്രീകള്‍ തയ്യാറാകാതെ വന്നപ്പോള്‍ ആ അവസരവും മലയാളി ഉപയോഗിച്ചു. നേഴ്‌സ്, ഹോംനേഴ്‌സ് തുടങ്ങിയ സേവനങ്ങള്‍ പാശ്ചാത്യര്‍ക്ക് നല്‍കി വരുമാനം ഉണ്ടാക്കുന്നതില്‍ നമ്മള്‍ വളരെ മുന്നില്‍ ആണ്. ഇതില്‍ നിര്‍ണായകമായത് നമുക്ക് ദൈവവ്യവസായത്തിലുള്ള പരിചയം തന്നെ.

ഇത് വായിക്കുമ്പോള്‍ ഈ ലേഖനം ദൈവവിശ്വാസത്തിനു എതിരാണെന്നോ ലേഖകന്‍ ഒരു നിരീശ്വരവാദിയാണെന്നോ കരുതിയാല്‍ തെറ്റി. ഞാനും പള്ളിയി പോയി പ്രാര്‍ത്ഥിക്കാറുണ്ട്. മറ്റുള്ളവരുടെ ദൈവവിശ്വാസത്തെ സ്വന്തം സാമ്പത്തികവരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ഉപകരണം ആക്കുന്നതില്‍ മലയാളി മുന്നിലാണ് എന്ന് മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളും ( അത് പ്രണയമോ ദൈവവിശ്വാസമോ ഒക്കെയാവാം ) വാണിജ്യവല്‍ക്കരണം എന്ന പ്രതിഭാസത്തില്‍ പെട്ടുപോകും. നമ്മള്‍ ഇടക്കൊക്കെ കച്ചവടതാല്പര്യതിനെതിരെ സംസാരിക്കുമെന്ന് മാത്രമേയുള്ളു.

ദൈവ വിശ്വാസവും സാമ്പത്തിക പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം കൌതുകകരമാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യവും ദൈവ വിശ്വാസവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല. കാരണം നല്ലൊരു വിഭാഗം ജനങ്ങളും ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്തുന്നത്, ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചിന്തിച്ചിട്ടേ അല്ല.

മറിച്ച് തങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവിധ ശ്രമങ്ങളില്‍ ഒന്ന് മാത്രമായി പ്രാര്‍ത്ഥനയും മാറുന്നുവെന്നേ ഉള്ളു. ജീവിതത്തില്‍ നാം ഏറെ അനിശ്ചിതത്വം നേരിടുന്നു. ഭാവി ശരിയായിരിക്കാന്‍,ദോഷകരമല്ലാതെയാവാന്‍ നാം പലതും ചെയുന്നു; കൂട്ടത്തില്‍ ഗണപതിക്ക് തേങ്ങയും ഉടക്കുന്നു. ഇക്കാര്യത്തില്‍ കിഴിവിലത്തെ ബേബിക്കുട്ടിയെ കണ്ടാല്‍ ശരിയാകുമെങ്കില്‍ നമ്മള്‍ അതും ചെയും. സാമ്പത്തികവളര്‍ച്ചയുടെ ഭാഗമായി ഭാവിയിലെ അനിശ്ചിതത്വം വര്‍ധിക്കും. അപ്പോള്‍ ദൈവവിശ്വാസം കൂടാനും സാധ്യതയുണ്ട്. ചൈനയില്‍ കാണുന്ന പ്രതിഭാസം ഇതാണ്.

ഏതെല്ലാം കാര്യങ്ങളില്‍ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കണം എന്ന കാര്യത്തില്‍ സാമൂഹ്യസാമ്പത്തികകാര്യങ്ങള്‍ക്കും ഒരു പങ്കുണ്ട്. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഭാരമായി കണക്കാക്കുന്ന സമൂഹത്തില്‍ ഒരു പെണ്‍കുട്ടി ഉള്ള അമ്മ ഇനി പെണ്‍കുട്ടി വേണ്ട ആണ്‍കുട്ടി മതി എന്ന് പ്രാര്‍ത്ഥിക്കും. എന്നാല്‍ ആണ്‍-പെണ്‍ വ്യതാസമില്ലാതെ കുട്ടികള്‍ക്ക് വളരാന്‍ പറ്റുന്ന സാമൂഹ്യസാമ്പത്തികസാഹചര്യം ഉള്ളപ്പോള്‍ ഇങ്ങനെ ഒരു പ്രാര്‍ത്ഥനയുടെ ആവശ്യമില്ല. വളര്‍ച്ച കൈവരിച്ച സമ്പദ്വ്യവസ്ഥയില്‍ സാമൂഹ്യസുരക്ഷിത സംവിധാനങ്ങളും മറ്റും വികസിക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന കുറയും. (കുറേക്കൂടി ആഴത്തിലുള്ള അസ്തിത്വ പ്രശ്‌നങ്ങള്‍ ഉണ്ടാകാം, അതിനായി പ്രാര്‍ത്ഥനയും മറ്റു ആത്മീയ പ്രവര്‍ത്തനങ്ങളും ഉണ്ടായേക്കാം.)
അടുക്കളപ്പൂച്ച

 (സ്റ്റീഫന്‍ തോട്ടനാനിയുടെ “ഞാനില്ലാതെ ലോകം” എന്ന ലേഖനത്തിന് കമന്റ്‌ ആയി ലഭിച്ചതാണ് ഇത്. കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു – Administrator)

Saturday, September 1, 2012

ഞാനില്ലാത്ത ലോകം – സ്റ്റീഫന്‍ തോട്ടനാനി


ക്‌നാനായക്കാരെ സംബന്ധിച്ചിടത്തോളം 2012 വളരെ ശ്രദ്ധേയമായ വര്‍ഷമാണ്. മൂലക്കാട്ടു പിതാവിന്റെ ചിക്കാഗോയിലെ പ്രസംഗം, അതേതുടര്‍ന്ന് ലോകമെമ്പാടുമുള്ള ക്‌നാനായ ജനതയുടെ പ്രതികരണം, പിതാവിന്റെ പ്രസ്താവനക്കെതിരെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയത്തു ചൈതന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിലെ നേതാക്കളുടെയും ജനങ്ങളുടെയും പ്രതിഷേധം, ലോകത്തെമ്പാടുമുള്ള ക്‌നാനായക്കാരുടെ അഭിമാനമായ അമേരിക്കയിലെ KCCNA കണ്‍വന്‍ഷന്‍ നമ്മുടെ സ്വന്തം പിതാക്കന്മാര്‍ ബഹിഷ്‌ക്കരിച്ചത്, ശതാബ്ധി ആഘോഷങ്ങളുടെ ചൂടാറും മുന്‍പുതന്നെ പരസ്പരം ചെളിവാരി എറിഞ്ഞ് ക്‌നാനായ ഒരുമ നഷ്ടപ്പെടുന്ന രീതിയിലുള്ള അധഃപതനം, എന്നിങ്ങനെ ക്‌നാനായക്കാരന്റെ  കണ്ണുതുറക്കുവാന്‍ ഉപകരിച്ച സംഭവബഹുലമായ 2012-ാമാണ്ട് ക്‌നാനായ ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ചു.

Orlando Convention
ക്‌നാനായക്കാരല്ലാത്തവര്‍ക്കിടയില്‍ പോലും ക്‌നാനായ കണ്‍വന്‍ഷനില്‍ നമ്മുടെ പിതാക്കന്മാര്‍ പങ്കെടുക്കാതിരുന്നതു വാര്‍ത്തയായിതീര്‍ന്നു. തങ്ങളുടെ സ്വന്തമെന്നു കരുതി ബഹുമാനിച്ചുവന്ന പിതാക്കന്മാരുടെ പ്രവര്‍ത്തി ജനങ്ങളെ വിഷമിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, അതോടൊപ്പം പുതിയ പാഠങ്ങള്‍ പഠിക്കുകയും ചെയ്തു.

ഒരു വ്യക്തിയുടേയും അഭാവത്തിന് ഈ ലോകത്തിന്റെ പ്രയാണത്തെ തടഞ്ഞുനിര്‍ത്താനാവില്ല. ലോകം മുന്‍പോട്ട് തന്നെ ചരിച്ചുകൊണ്ടിരിക്കും. 'ഞാന്‍' എന്നത് എനിക്ക് മാത്രമാണ് പ്രധാനപ്പെട്ടത്, ഞാന്‍’ ഇല്ല എന്നു കരുതി ലോകം നിശ്ചലമായി തീരുകയില്ല എന്നത് പിതാക്കന്മാരുള്‍പ്പെടെ പലര്‍ക്കും മനസ്സിലാക്കുവാന്‍ ഈ കണ്‍വന്‍ഷന്‍ ഉപകരിച്ചു. നമ്മളോ, സഭാധികാരികളോ, സീറോമലബാറോ ഇല്ലെങ്കിലും ജനജീവിതം സ്തംഭിക്കാതെ മുന്‍പോട്ടു തന്നെ പൊയ്‌ക്കൊണ്ടിരിക്കും.

കണ്‍വന്‍ഷന്റെ ഉല്‍ഘാടനചടങ്ങ് കഴിഞ്ഞപ്പോള്‍തന്നെ പിതാക്കന്മാരുടെ അഭാവം വിസ്മൃതിയിലാണ്ടുപോയി. മാതാപിതാക്കളുടെ എണ്ണം ശുഷ്‌ക്കിച്ചുവരുമ്പോള്‍ കുട്ടികളുടേയും യുവജനങ്ങളുടേയും എണ്ണം പല മടങ്ങ് വര്‍ദ്ധിച്ചുവരുന്നു. കണ്‍വന്‍ഷനില്‍ അടുത്ത തലമുറയുടെ താല്പര്യവും, ഉത്സാഹവും പ്രകടമായിരുന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ യുവതലമുറ പ്രാപ്തരാണെന്നും, സന്നദ്ധരാണെന്നും ഒര്‍ലാന്‍ഡോ കണ്‍വന്‍ഷന്റെ വിജയത്തിലൂടെ കാണിച്ചുതന്നിരിക്കുന്നു. നേതാക്കളുടേയും, അധികാരികളുടേയും കേട്ടുതഴമ്പിച്ച പ്രസംഗങ്ങളുടെ സ്ഥാനത്ത് ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ സംഘടിപ്പിക്കുവാന്‍ സാധിച്ചത് മാറ്റങ്ങളുടെ തുടക്കമാണ്.

സഭാ-സാമുദായിക നേതാക്കള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞും, കണ്ടും പ്രവര്‍ത്തിക്കുവാന്‍ കടപ്പെട്ടവരാണ്. ബഹുഭൂരിപക്ഷം വരുന്ന അടുത്ത തലമുറയ്ക്കുവേണ്ടി ഞായറാഴ്ച ഉള്‍പ്പെടെയുള്ള നാലു ദിവസത്തെ കണ്‍വന്‍ഷനില്‍ ഒരു ദിവസം പോലും കേവലം അരമണിക്കൂര്‍ എടുക്കുന്ന ഒരു ഇംഗ്ലീഷ് കുര്‍ബാന വയ്ക്കുവാന്‍ ശ്രദ്ധിച്ചില്ല. എത്രപേര്‍ വരും എന്നതല്ല പ്രധാനം. ഇത്രയും യുവജനങ്ങളില്‍ ചിലര്‍ക്കെങ്കിലും കുര്‍ബാനയില്‍ താല്പര്യം ഉണ്ടായികൂടെന്നില്ലെന്നുണ്ടോ? അവിടെ സന്നിഹിതരായിരുന്നവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ ഒഴിച്ച് മറ്റുള്ളവര്‍ക്ക് എല്ലാം ഇംഗ്ലീഷ് മനസ്സിലാകുന്നവരാണ്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന മക്കള്‍ മലയാളം കുര്‍ബാന പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ സാധിക്കാത്തവരായിരുന്നു.

മാതാപിതാക്കളുടെ സ്‌നേഹത്തിലും, സംരക്ഷണയിലും വളര്‍ന്ന മക്കള്‍ പഠനം പൂര്‍ത്തിയാക്കി, ജോലി ചെയ്ത് സ്വന്തം കാലില്‍ നില്ക്കുന്നു. നേതൃത്വപാടവവും സേവനമനോഭാവവും കൈമുതലായുള്ള ഇവര്‍ പലരും സമുദായത്തിലെ പ്രശ്‌നങ്ങളില്‍ നിന്നകന്നു നില്ക്കുകയായിരുന്നു. തങ്ങളുടെ രാജ്യത്തുവന്ന് തങ്ങളുടെ അവകാശങ്ങളെ ചവുട്ടിമെതിക്കുന്ന അധികാരികളെ ഇവര്‍ എത്രനാളാണ് സഹിക്കുക. തങ്ങള്‍ വളര്‍ന്നുവന്ന കമ്മ്യൂണിറ്റി തിരികെ പിടിക്കുവാന്‍ തയ്യാറായി യുവജനങ്ങള്‍ ഇറങ്ങി തുടങ്ങിയിരിക്കുന്നു. നമുക്കു ചുറ്റും ഉയര്‍ന്നുവരുന്ന യുവജനതാല്പര്യത്തെ പോഷിപ്പിച്ച് നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കുവാന്‍ നാം ഏവര്‍ക്കും കടമയുണ്ട്.

അടുത്ത തലമുറ അവര്‍ ജനിച്ചുവളര്‍ന്ന ലാറ്റിന്‍ സഭയേയും ക്‌നാനായ സമുദായത്തേയും ഒരുപോലെ മതിക്കുന്നു. അതല്ലെങ്കില്‍ സീറോമലബാര്‍ സഭയ്ക്ക് അവരെ ആകര്‍ഷിക്കുവാന്‍ സാധിക്കണം. നമ്മുടെ തലമുറയെ തമ്മിലടിപ്പിക്കുന്ന സീറോമലബാറിനെ യുവജനങ്ങള്‍ എങ്ങിനെയാണ് ബഹുമാനിക്കുക?

ഇരുവള്ളങ്ങളിലും ചവുട്ടി തെറ്റുചെയ്യുന്നവരേയും, അല്ലാത്തവരേയും ഒരുമിച്ച് കൊണ്ടുപോകാമെന്നു പറഞ്ഞുവരുന്ന നേതാക്കളെ ചുമലില്‍ ഏറ്റിയാല്‍ അതിന്റെ നഷ്ടം നമ്മുടെ മക്കള്‍ക്കു തന്നെയാകും. നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളെ ചുമക്കുന്നതുപോലെ ആയിരിക്കും ഫലം. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. അതു തിരുത്തിയാണ് അഭിവൃദ്ധി പ്രാപിക്കുക. അല്ലാതെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി തെറ്റു ചെയ്യുന്ന വരുമായി രമ്യപ്പെടുന്നത് ഉയര്‍ച്ചയ്ക്ക് ഉപകരിക്കില്ല. തെറ്റുചെയ്യുന്നവരെ തെറ്റുകള്‍ തിരുത്തി വരുമ്പോള്‍ സ്വീകരിക്കുക എന്ന നയമായിരിക്കണം നാം സ്വീകരിക്കേണ്ടത്.

കണ്‍വന്‍ഷനിലെ സിമ്പോസിയത്തില്‍ ക്‌നാനായക്കാര്‍ ഇന്ന് എത്തിനില്ക്കുന്ന അവസ്ഥ സംജാതമായതെങ്ങിനെയെന്ന് അപഗ്രഥിക്കുകയുണ്ടായി. അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ മിഷന്‍ ഡയറക്ടര്‍മാരായ ക്‌നാനായ വൈദികര്‍ എപ്രകാരമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, സത്യം വെളിപ്പെടുത്താതെ പള്ളികള്‍ വാങ്ങിപ്പിച്ച് ക്‌നാനായക്കാരെ തമ്മില്‍ പിണക്കിയതെന്ന് അതാതു നഗരങ്ങളിലെ ഉത്തരവാദപ്പെട്ടവര്‍ വിശദീകരിക്കുകയുണ്ടായി. നിഷ്പക്ഷമായി കേട്ടുനില്ക്കുന്നവര്‍ക്ക് ഒരു വൈദികന്‍ അപ്രകാരം ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും. ഒരു വൈദികനെകൊണ്ട് ചെയ്യിച്ചുകൂട്ടിയ തെറ്റുകള്‍ മുഴുവന്‍ അദ്ദേഹത്തെ സ്ഥലംമാറ്റി പുഞ്ചരിതൂകുന്ന മറ്റൊരച്ചനെ പ്രതിഷ്ഠിക്കുന്നതുവഴി തീര്‍ന്നുകൊള്ളുമെന്ന സഭയുടെ രീതി എത്രമാത്രം വിലപ്പോകുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
കുര്‍ബാനസമയത്ത് വൈദികര്‍ ധാരളമുണ്ടായിരുന്നു. എന്നാല്‍ സിമ്പോസിയത്തിലേക്ക് ഈ വൈദികരെ പ്രത്യേകമായി ക്ഷണിക്കാതിരുന്നത് ഒരുകണക്കിന് നന്നായി. വൈദികാന്തസ്സിന്റെ തൊലി ഉരിയുന്ന ആക്ഷേപങ്ങള്‍ കേള്‍ക്കുവാന്‍ രണ്ടോ മൂന്നോ വൈദികരേ ഹാളില്‍ ഉണ്ടായിരുന്നുള്ളൂ. എല്ലാം മറന്ന് ഒരുമയോടെ മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്യാനല്ലാതെ മറ്റൊന്നും പറയുവാന്‍ അവര്‍ക്ക് സാധിക്കില്ലല്ലൊ.

പശ്ചാത്താപമില്ലാത്ത കുമ്പസാരത്തില്‍ കഥയെന്തിരിക്കുന്നു. മനസ്താപമില്ലാതെ എന്തു പാപമോചനം? തെറ്റുകളെപ്പറ്റി ബോധവാന്മാരായി പശ്ചാത്തപിച്ച് മേലില്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയില്ലായെന്ന് ദൈവത്തോട് ഏറ്റുപറയുമ്പോഴാണ് പാപമോചനം ലഭിക്കുക എന്നാണ് നമ്മളെ പഠിപ്പിച്ചുവച്ചിട്ടുള്ളത്. ചെയ്തുകൂട്ടിയ തെറ്റുകളെപറ്റി ബോധവാന്മാരാണെങ്കിലും പശ്ചാത്താപമില്ലാതെ വീണ്ടും അവ ആവര്‍ത്തിക്കുന്ന അധികാരികളെപ്പറ്റി എന്താണ് പറയുക? തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് വൈദികരോ, അവരോട് കല്പിച്ചവരോ കരുതുന്നില്ല. കാലം എല്ലാം നേരെയാക്കികൊള്ളുമെന്ന് പറയുന്ന ഇവര്‍ക്ക് അമേരിക്കയിലെ ക്‌നാനായക്കാര്‍ക്കിടയിലെ നഷ്ടപ്പെട്ട ഒരുമ തിരിച്ചുനല്‍കാന്‍ സാധിക്കുമോ?
പ്രതികരിക്കാതിരിക്കുന്ന അനങ്ങാപ്പാറ നയം സഭയുടെ മുഖമുദ്രയാണല്ലോ. തിരുനക്കര മൈതാനത്ത് അടുത്ത ദിവസം നമ്മുടെ രൂപതയുടെ വക്താവ് പ്രസ്താവിക്കുകയുണ്ടായി ''പ്രതികരിക്കാതിരിക്കുന്നത് ബലഹീനതയായി കണക്കാക്കരുത്, അന്തസ്സാര്‍ന്ന നിശബ്ദതയാണ് ഞങ്ങളുടേത്.'' ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നിശബ്ദതയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലായെന്നത് സഭയ്ക്കു ജനങ്ങള്‍ക്കും അറിയാം. മറുപടിയ്ക്കായി വായ്തുറന്നാല്‍ പിന്നെ എന്തൊക്കെയാണ് പറയേണ്ടിവരിക, എന്തൊക്കെകേള്‍ക്കേണ്ടിവരും എന്ന ഒരു ചിന്ത ഉള്ളതു നല്ലതു തന്നെ. അന്തസ്സാര്‍ന്ന നിശബ്ദത ഭാവിയില്‍ ഗുണമാണോ ദോഷമാണോ വരുത്തിവയ്ക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
അസോസിയേഷനും, KCCNA-യും എന്തു പറഞ്ഞാലും, ചെയ്താലും കോട്ടയം ബിഷപ്പ് പറയാത്തിടത്തോളം അമേരിക്കയിലെ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകില്ല. കോട്ടയം മെത്രാന്റെ സപ്പോര്‍ട്ടില്ലാതെ റോമിലേയ്ക്ക് പോകുന്നതില്‍ കഥയുണ്ടെന്നും തോന്നുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങളില്‍ കഴമ്പുണ്ടെന്ന് കോട്ടയം മെത്രാന്‍ സമ്മതിച്ച്, ക്‌നാനായക്കാര്‍ക്കുവേണ്ടി നിലകൊള്ളാത്ത കാലത്തോളം അസോസിയേഷനുകളും മിഷനുകളും രണ്ടു ധ്രുവങ്ങളില്‍ തന്നെ നിലകൊള്ളും. അതില്‍ 'Survival of the fittest' ആരെന്ന് കാലം തീരുമാനിക്കും.

(2012 സെപ്റ്റംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ സ്റ്റീഫന്‍ തോട്ടനാനി എഴുതിയ ലേഖനം)