ഇത്രയും ആവേശം ക്നാനയമക്കള്‍ക്ക് കൊള്ളുകയില്ല. നമ്മുടെ കാരണവന്മാര്‍ക്കും ഇത്ര ആവേശമുണ്ടായിരുന്നെങ്കില്‍ കൊടുങ്ങല്ലൂരെത്തുന്നതിനു മുമ്പേ നമ്മുടെ കപ്പല്‍ മുങ്ങിപ്പോയേനെ.
നിങ്ങള്‍ ഒന്ന് അടങ്ങ്.
കാര്യം അറിയാതെ ബഹളം വയ്ക്കരുത്. പരസ്യമായി എനിക്കോ കൊച്ചു തിരുമേനിയ്ക്കോ പറയാന്‍ പറ്റാത്ത ഒരു പരമരഹസ്യം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം. ആരോടും പറഞ്ഞേക്കരുത്, പ്രത്യേകിച്ച് ആ കാനാദുഷ്ടന്മാരോട്.
നിലനില്‍പ്പിന് വേണ്ടി ചെറിയ കള്ളത്തരം പറയാത്ത ഒരുത്തന്‍ നമ്മുടെ സമുദായത്തിലുണ്ടോ? ആ സമുദായത്തില്പെട്ടവന്‍ തന്നെയല്ലേ ഞാനും? ആ അങ്ങാടിപണ്ടാരത്തിനെ ആസാക്കാന്‍ ഞാന്‍ ചില പ്രസ്താവന ഒക്കെ ഇറക്കി. നമുക്കും ജീവിച്ചുപോകണ്ടേ. ഈ വടക്കന്മാര്‍ എല്ലാം നമുക്കെതിരാണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
ഞങ്ങളില്‍ ആരെങ്കിലും കണ്‍വെന്‍ഷന്‍ കൂടാന്‍ വന്നാല്‍ ഈ അങ്ങാടി മഹാപാപിയും അങ്ങോട്ട് കെട്ടിയെടുക്കും, ഞാന്‍ കാശ് പിരിക്കുന്നുണ്ടോ, നിങ്ങള്‍ വല്ലതും എനിക്ക് തരുന്നുണ്ടോ എന്നൊക്കെ അറിയാനാ, അല്ലാതെ നിങ്ങളോടുള്ള സ്നേഹംകൊണ്ട് വരുന്നതൊന്നുമല്ല. ആര്‍ത്തിപണ്ടാരമാ; എത്രകിട്ടിയാലും അങ്ങേരുടെ ആര്‍ത്തി തീരത്തില്ല. അമേരിക്കയില്‍നിന്ന് എനിക്ക് മാത്രമായി നിങ്ങള്‍ തരുന്നതിന്റെ നേര്‍പകുതി അങ്ങേര്‍ക്കു വേണമെന്നാ കഴിഞ്ഞതവണ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. നമ്മള്‍ കൊടുക്കണോ, നിങ്ങള്‍ തന്നെ പറ.
അപ്പോള്‍ കോട്ടയത്ത് നിന്ന് ആരെങ്കിലും വന്നാല്‍ ഞങ്ങള്‍ക്ക് ഒരു വേദിയില്‍ പ്രത്യക്ഷപ്പെടേണ്ടി വരില്ലേ? നിങ്ങളിലാരും പ്രശ്നം ഉണ്ടാക്കുകയില എന്നെനിക്കറിയാം, പക്ഷെ മാറിക്കെട്ടിയവരുടെ തന്തമാരും, സഹോദരന്മാരും ഒക്കെ ഉണ്ടല്ലോ. അവരില്‍ ആരെയെങ്കിലും മുല്ലപ്പള്ളിയെപ്പോലുള്ളവര്‍ ശട്ടം കെട്ടി “എന്‍ഡോഗമിക്കാര്യത്തില്‍ നിങ്ങള്‍ പരസ്പരം വിരുദ്ധമായി സംസാരിക്കുന്നു; ഇതില്‍ ഇതാണ് സത്യം, കാനാക്കാരന്റെ ഭാര്യയും പിള്ളേരും ക്നാനായപ്പള്ളികളില്‍ അംഗങ്ങളാണോ?” എന്ന് ചോദിച്ചാല്‍ നമ്മുടെ കള്ളി മൊത്തം പൊറത്താകില്ലേ? ഞാന്‍ നമ്മുടെ സമുദായത്തെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നകാര്യം ഇനിയെങ്കിലും നിങ്ങളൊന്ന് മനസ്സിലാക്ക്.
ചിക്കാഗോയില്‍ ആ ക്നാനയക്കാരിത്തിക്ക് പിറക്കാത്ത വക്കീല്‍പയ്യനെ ടെന്നീസ് കളിപ്പിക്കണമെന്നു അങ്ങാടി ഉത്തരവിട്ടത് നിങ്ങളൊക്കെ അറിഞ്ഞില്ലേ? അതോടെ നമ്മളുടെ ടീം കുളമായത് പോരെ, ഇനി ഞാനും ഫ്ലോറിഡയില്‍ വന്നു നാണം കെടണോ? എന്റെ നാണം നിങ്ങളുടെയുംകൂടി നാണമല്ലേ? അങ്ങനെ ഒരു വിചാരം നിങ്ങള്‍ക്കുണ്ടോ?
കാര്യങ്ങള്‍ ഇത്രയും വിശദീകരിച്ച നിലയ്ക്ക് ഇനിയെങ്കിലും നിങ്ങള്‍ ദ്രോഹനടപടിക്കൊന്നും തുനിയരുത്. എനിക്ക് നിങ്ങളോട് യാതൊരു വിരോധവും ഇല്ല; നിങ്ങളുടെ പണത്തോട് അല്പം പോലും വിരോധമില്ല. അതുകൊണ്ട് ഒരു വര്ഷം കണ്‍വെന്‍ഷന്‍ കൂടിയില്ല എന്ന് കരുതി സംഭാവനയില്‍ ഒന്നും കുറയ്ക്കരുത്. ഈയാണ്ടില്‍, ഡോളര്‍ അയ്യായിരം കുറവാണ് – അവിടെ ഒന്ന് തലകാണിക്കാന്‍ ഒക്കാത്തത് കാരണം. അതുകൊണ്ട് മനസ്സറിഞ്ഞു, കൈയ്യയച്ചു സഹായിക്കണം. ഞങ്ങള്‍ക്ക് തരുന്ന ഓരോ ചില്ലിക്കാശിന്റെ കണക്കും ആകാശങ്ങളിലിരിക്കുന്ന ഓഡിറ്റര്‍മാര്‍ സൂക്ഷിക്കുന്നുണ്ട്. ഒന്നിന് പത്തായി നിങ്ങള്ക്ക് അതിന്റെ പ്രതിഫലം കിട്ടും. ഞങ്ങള്‍ക്ക് കിട്ടുന്നത് വെറും നിസ്സാരം, അതിന്റെ എത്ര മടങ്ങാണ് നിങ്ങള്ക്ക് സ്വര്‍ഗസ്ഥനായ നമ്മുടെ പിതാവ് നിങ്ങള്ക്ക് പ്രതിഫലമായി തരുന്നത്! നിങ്ങളോട് എനിക്ക് അസൂയ തോന്നുന്നു.
നിങ്ങള്ക്ക് വേണ്ടിയും കണ്‍വെന്‍ഷന്‍ വിജയിക്കുന്നതിന് വേണ്ടിയും ഞാന്‍ ഓരോ ദിവസവും മൂന്നു മണിക്കൂര്‍വീതം മുട്ടേല്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട്. മൂന്നു മണിക്കൂറിന്റെ പണിക്കൂലി എങ്കിലും ആ മുത്തോലത്തിലെ ഏല്‍പ്പിക്കാന്‍ മടിക്കരുത്.
എന്ന്, നിങ്ങളുടെ പ്രിയങ്കരനായ മൂലക്കല്ലിളക്കുന്ന തിരുമേനി.
No comments:
Post a Comment